ആലപ്പുഴ: കാര്‍ഷിക ഭൂമിയായ കുട്ടനാട് ലോകത്തിന് സംഭാവന ചെയ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം. എസ്. സ്വാമിനാഥനോട് കേരളം കാട്ടിയത് നീതികേട്. സംസ്ഥാനം മാറി മാറി ഭരിച്ച ഇടതുവലതു സര്‍ക്കാരുകള്‍ സ്വാമിനാഥന് വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കിയില്ല എന്നു മാത്രമല്ല, അഴിമതി പാക്കേജായി മാറ്റുകയും ചെയ്തു.
ഭൂമിശാസ്ത്രപരമായി, പാരിസ്ഥിതികമായി ഒരുപാട് പ്രത്യേകതകളുള്ള കുട്ടനാടിന്റെ രക്ഷയ്ക്കും കര്‍ഷകന്റെ നിലനില്‍പ്പിനുമായി അദ്ദേഹം മുന്നിട്ടിറങ്ങി തയാറാക്കിയതാണ് കുട്ടനാട് പാക്കേജ്.
ശാസ്ത്രീയമായ യുക്തിബോധത്തോടെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചാണ് പാക്കേജിന് രൂപം നല്‍കിയത്. പ്രളയക്കെടുതിയില്‍ നിന്നും മലവെള്ളപ്പാച്ചിലില്‍ നിന്നും കുട്ടനാടിനേയും ജനങ്ങളേയും സംരക്ഷിക്കുന്ന തരത്തില്‍ വിഭാവനം ചെയ്ത പക്കേജില്‍ കോടികള്‍ മുടക്കിയെങ്കിലും അതൊന്നും വിജയിച്ചില്ല.
2008ലാണ് എം.എസ്. സ്വാമിനാഥന് അധ്യക്ഷനായ കമ്മിറ്റി കുട്ടനാട് പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കുന്നത്. അടുത്തവര്‍ഷം ഇത് അംഗീകരിച്ചു. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കുട്ടനാട്ടില്‍ പാക്കേജിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു.
മൂന്നു വര്‍ഷത്തിനകം നടപ്പാക്കേണ്ട പാക്കേജിന്റെ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്. പാക്കേജിലെ 15 ഇന പരിപാടികളില്‍ ജലവിസ്തൃതി കുറയുന്നത് നിയന്ത്രിക്കണമെന്നായിരുന്നു ആദ്യത്തെ നിര്‍ദേശം. രണ്ടാമത് വെള്ളപ്പൊക്ക ഓരുവെള്ള നിയന്ത്രണവും.
12 വകുപ്പുകളെയാണ് ഇതിന്റെ നടത്തിപ്പിന് ചുമതലപ്പെടുത്തിയത്. ഈ വകുപ്പുകള്‍ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ കൈകാര്യം ചെയ്തതാണ് പാക്കേജ് ലക്ഷ്യത്തിലെത്താതെ പോയതിനു കാരണം. കനാലുകളുടെ ആഴം കൂട്ടി എക്കല്‍ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു സ്വാമിനാഥന് നിര്‍ദേശിച്ചത്. അദ്ദേഹം വച്ച മുന്‍ഗണനകള്‍ അട്ടിമറിച്ച് രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം അവര്‍ക്ക് തോന്നും പടി പദ്ധതി നടപ്പാക്കി. കായല്‍ നിലങ്ങളില്‍ പൈല് ആന്‍ഡ് സ്ലാബ് മടകള്‍ നിര്‍മിച്ച് കോടികള്‍ കായലില്‍ ഒഴുക്കി.
നിര്‍മാണത്തില്‍ മാത്രമല്ല, കുട്ടനാട്ടുകാരുടെ ഉപജീവനത്തിനായി നടപ്പാക്കിയ പദ്ധതികളില്‍ വരെ കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ ഈ പാക്കേജ് നടപ്പാക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നീട് അതും ചര്‍ച്ചകളില്‍ അവസാനിച്ചു. ആ പാക്കേജ് ഒരിക്കലും പൂര്‍ത്തിയാകില്ലെന്ന യാഥാര്‍ത്ഥ്യ ബോധം അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. ലോകമെങ്ങും ഡോ. എം.എസ് സ്വാമിനാഥന്റെ ആശയങ്ങള്‍ സ്വീകരിച്ചപ്പോള്‍ കേരളം അവഗണിച്ചതിന്റെ ഉത്തരം കുട്ടനാട്ടില്‍ തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: