ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല ടീച്ചേഴ്സ് അസോസിയേഷന്(ഡിയുടിഎ) തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്(എന്‍ഡിടിഎഫ്) സ്ഥാനാര് ത്ഥികള്‍ക്ക് വന്‍വിജയം.
ഐഎന്‍ഡിഐഎ സഖ്യത്തിന്റെ മാതൃകയില്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ പിന്തുണയുള്ള ഒന്‍പത് അധ്യാപക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്സ് അലയന്‍സിനെയാണ് എന്‍ഡിടിഎഫ് പരാജയപ്പെടുത്തിയത്.
ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ലഭിച്ച വന്‍ വിജയത്തിനുപിന്നാലെ എന്‍ഡിടിഎഫ് നേടിയ വിജയവും രാജ്യതലസ്ഥാനത്ത് വന്‍ചര്‍ച്ചയായിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ നാഷണല്‍ ടീച്ചേഴ്സ് കോണ്‍ഗ്രസ്, എഎപിയുടെ അക്കാദമിക് ഫോര്‍ ആക്ഷന്‍ ആന്‍ഡ് ഡവലപ്മെന്റ് ടീച്ചേഴ്സ് അസോസിയേഷന്, ഇടതു സംഘടനയായ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്, സ്വതന്ത്ര അധ്യാപക സംഘടനകളായ കോമണ്‍ ടീച്ചേഴ്സ് ഫ്രണ്ട്, ദല്‍ഹി ടീച്ചേഴ്സ് ഇനിഷ്യേറ്റീവ്, ഇന്‍ഡിപെന്‍ഡന്റ് ടീച്ചേഴ്സ് ഫ്രണ്ട് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, സമാജ്വാദി ശിക്ഷ്ക് മഞ്ച് തുടങ്ങിയവരാണ് ഐഎന്‍ഡിഐഎ സഖ്യം മാതൃകയില്‍ ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്സ് അലയന്‍സ് എന്ന പേരില്‍ സഖ്യം രൂപീകരിച്ച് മത്സരിച്ചത്.
നിലവിലെ ഡിയുടിഎ പ്രസിഡന്റായ ഡോ. എ.കെ. ഭാഗി തന്നെയായിരുന്നു എന്‍ഡിടിഎഫ് സ്ഥാനാര്‍ത്ഥി. ഡോ. എ.കെ. ഭാഗി 4,182 വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് യുണൈറ്റഡ് ടീച്ചേഴ്സ് അലയന്‍സ് സ്ഥാനാര്‍ത്ഥി ആദിത്യനാരായണ്‍ മിശ്രയ്ക്ക് 3,787 വോട്ടുകളാണ് ലഭിച്ചത്. 395 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഡോ. എ.കെ. ഭാഗി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ധ്യാല്സിങ് കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ഡോ. എ.കെ. ഭാഗി.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എന്‍ഡിടിഎഫ് സ്ഥാനാര്‍ത്ഥികളായ ഡോ. കമലേഷ് കുമാര്‍ രഘുവംശി, ഡോ. ചമന്‍സിങ്, ഡോ. അദിതി നാരായണി പാസ്വാന്, ഡോ. ആകാന്‍ക്ഷ ഖുരാന, ഡോ. അമിത് സിങ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 8,187പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: