വെള്ളറട: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ മലയോര പ്രദേശത്തെ പകല്‍ വീടുകള്‍. പ്രവര്‍ത്തിക്കുന്നവയിലാകട്ടെ ശുചീകരണമില്ലാതെയും പരിപാലനമില്ലെന്നും ആക്ഷേപം. സര്‍ക്കാര്‍ നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ മിക്കയിടങ്ങളിലും യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
പ്രധാന പാതയോരങ്ങളില്‍ നിര്‍മിക്കുന്ന ശൗചാലയങ്ങള്‍ വാഹനയാത്രക്കാര്‍ക്കു പ്രാഥമിക കൃത്യങ്ങള്‍ക്കും വിശ്രമത്തിനും വലിയ അനുഗ്രഹമാകുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ടേക്ക് എ ബ്രേക്കുകളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുകയാണ്.
വെള്ളറട പഞ്ചായത്തില്‍ പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പലതും ഇപ്പോഴും അനാഥമായി അടഞ്ഞുകിടക്കുന്നു. വെള്ളറട കൃഷിഭവന്റെ പക്കലുണ്ടായിരുന്ന 10 സെന്റ് സ്ഥലത്തില്‍ 5 സെന്റ് ഉപയോഗിച്ചാണ് പകല്‍വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2017-18 വര്‍ഷം ഉദ്ഘാടനം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയായി തുറന്നു കൊടുക്കാത്തതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഇരുനില മന്ദിരം മണി പൂര്‍ത്തിയാക്കിയെങ്കിലും കെട്ടിടം വെറുതെ കിടന്ന് നശിക്കുകയാണ്.
എത്രയും വേഗം പകല്‍വീട് തുറന്നു കൊടുക്കണമെന്ന് വെള്ളറട സീനിയര്‍ സിറ്റിസണ്‍ ഷിപ്പ് അംഗങ്ങളായ വെള്ളറട സുരേഷ് കുമാറും കിളിയൂര്‍ ശേഖരദാസും ആവശ്യപ്പെട്ടു. കുന്നത്തുകാല്‍ പഞ്ചായത്തിലെ അടഞ്ഞുകിടന്ന പകല്‍ വീട് അടുത്തിടെ തുറന്നു. പാറശ്ശാല പഞ്ചായത്തില്‍ പോസ്റ്റോഫീസിനു സമീപത്തായി നിലവിലുണ്ടായിരുന്ന ശൗചാലയം പുതുക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.
ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച ഇവിടെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് കയറാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പലപ്പോഴും ഇത് അടഞ്ഞുകിടക്കുകയാണ്. കൃത്യമായ ശുചീകരണം പോലും നടക്കുന്നില്ല. ചെങ്കല്‍ പഞ്ചായത്തില്‍ മര്യാപുരത്ത് മൂന്നരലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുറന്നുനല്‍കിയിട്ടില്ല. ഇവിടുത്തെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതിയും നിലവിലുണ്ട്. കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറ്റുപുറം ചെക്പോസ്റ്റിനു സമീപത്തായി നിലവിലുണ്ടായിരുന്ന കെട്ടിടം നവീകരിച്ച് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രവും പലപ്പോഴും തുറന്നുപ്രവര്ത്തിപ്പിക്കുന്നില്ല.
പൂവാര്‍ പൊഴിക്കര പ്രദേശങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്കായാണ് ഇത് നിര്‍മിച്ചത്. ആറ്റുപുറത്തെ ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിലും ശുചീകരണമില്ലെന്നാണ് പരാതി. യാത്രക്കാര്‍ പലപ്പോഴും ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: