മുംബൈ: അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരം ഉണ്ടെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനസിസ് എന്നിവര്‍ വ്യക്തമാക്കി.
ഭാര്യയ്‌ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മനോനില തകരാറിലാണെന്നും കാണിച്ച് മുപ്പത്തിമൂന്നുകാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി. അപസ്മാരം മാറാരോഗമോ മാനസിക രോഗമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ മാത്രമേ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനം അനുവദിക്കാനാവൂവെന്ന് കോടതി പറഞ്ഞു.
പരാതിക്കാരന്റെ ഭാര്യയ്‌ക്ക് ചുഴലി മാത്രമെയൂള്ളുവന്നും അത് അപസ്മാരമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. ഇനി അവര്‍ക്ക് അപസ്മാരം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പോലും അത് ഒരു മാനസിക പ്രശ്‌നമായി കണക്കാക്കാനാവില്ല. മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നത് യുവതിക്ക് അപസ്മാരമില്ലെന്നാണ്. ഇനി ഉണ്ടെങ്കിൽ തന്നെ അപസ്മാരമുള്ളവർക്ക് സാധാരണജീവിതം നയിക്കാനാവുമെന്നാണ് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ പരാതിക്കാരന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: