കൊച്ചി: മലയാള സിനിമയ്‌ക്ക് എന്നും ഓര്‍ത്തുവയ്‌ക്കാന്‍ ഒരുപിടി നല്ല പാട്ടുകള്‍ നല്കിയ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭയ്‌ക്ക് മാഷിന്റെ സംഗീതത്തിന് വിലയായി ലഭിച്ച ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥ. എറണാകുളം വെണ്ണല പാലച്ചുവട്ടിലെ ഒരു വീടിന്റെ രണ്ടാം നിലയുടെ കുറച്ചുഭാഗം വാടകയ്‌ക്കെടുത്തു കഴിയുന്ന ശോഭ തനിക്കനുഭവിക്കേണ്ടിവന്ന വഞ്ചനയുടെ കഥ പറയുമ്പോഴും ഓര്‍മിപ്പിക്കുന്നു, ‘എനിക്കാരോടും പരിഭവമില്ല’.
ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പത്തുവര്‍ഷം മുന്‍പ് ‘രവീന്ദ്ര സംഗീത സന്ധ്യ’ സംഘടിപ്പിച്ചത്. ഒരു ഫ്‌ലാറ്റും 25 ലക്ഷം രൂപയും ശോഭയ്‌ക്ക് നല്കുമെന്നായിരുന്നു വാഗ്ദാനം. വീട് കിട്ടുമെന്ന സന്തോഷത്തില്‍ ഗായകരെയും അഭിനേതാക്കളെയും ക്ഷണിച്ചത് ശോഭ തന്നെയായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും പാടിയത്. ഗ്രൗണ്ടും സൗജന്യമായി ലഭിച്ചു.
പരിപാടിയില്‍ വച്ചുതന്നെ ഫ്‌ലാറ്റിന്റെ താക്കോല്‍ ശോഭയ്‌ക്ക് കൈമാറി. നിര്‍മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പുമാര്‍ എന്ന നിലയില്‍ നല്കിയതായിരുന്നു ഫ്‌ലാറ്റ്. സ്‌പോണ്‍സര്‍ഷിപ്പുള്‍പ്പെടെ ഒന്നരക്കോടിയിലധികം രൂപ സംഘാടകര്‍ക്ക് ലഭിച്ചു. 25 ലക്ഷം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും വെറും മൂന്ന് ലക്ഷമാണ് കൊടുത്തത്.
കിട്ടിയ ഫ്‌ലാറ്റില്‍ വൈദ്യുത കണക്ഷനും ഇല്ലായിരുന്നു. ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്കാനും ക്രിസ്റ്റല്‍ ഗ്രൂപ്പ് തയാറായില്ല. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് തരാമെന്ന് പറഞ്ഞ ബാക്കി പണവും കൊടുത്തില്ല. ഫ്‌ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടയ്‌ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തുള്ള ഒരു വീടിന്റെ മുകള്‍ നിലയിലേക്ക് താമസം മാറ്റി. മൂന്നരമാസം എന്ന് പറഞ്ഞ് തുടങ്ങിയ അറ്റകുറ്റപ്പണി ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല.
അസോസിയേഷന് കൊടുക്കാനുള്ളതടക്കം ഇന്ന് ശോഭയ്‌ക്ക് ആ ഫ്‌ലാറ്റില്‍ 12 ലക്ഷം രൂപയാണ് കടം. ആ പണം കൊടുത്താല്‍ മാത്രമേ ഫ്‌ലാറ്റില്‍ താമസിക്കാന്‍ സാധിക്കൂ. ഈ തുക സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഫ്‌ലാറ്റ് വില്‍ക്കുകയാണെന്നു ശോഭ പറയുന്നു. സമീപത്തുള്ള ഒരു വാടക കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗത്ത് ശിഷ്ടജീവിതം കഴിക്കാനൊരുങ്ങുകയാണ് ശോഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: