തിരുവനന്തപുരം: മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്ത രണ്ട് പിഎസ്സി അംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അട്ടിമറിച്ച് ചീഫ് സെക്രട്ടറി. അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. മറ്റൊരു അംഗത്തിന്റെ പണം വാങ്ങിയുള്ള നിയമനം വിജിലന്‍സ് കോടതിയിലെത്തിയിട്ടും അനങ്ങാതെ സര്‍ക്കാര്‍.
ജൂലൈ അഞ്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജോസ് ജി. ഡിക്രൂസ്, തിരുവനന്തപു
രം തിരുമല സ്വദേശി അഡ്വ.എച്ച്. ജോഷ് എന്നിവരെ പിഎസ്സി അംഗങ്ങളായി ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലുള്ള ഒഴിവുകളിലേക്കായിരുന്നു ശിപാര്‍ശ. തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനിലേക്ക് അയച്ചു. പിന്നാലെ ശിപാ
ര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് രാജ്ഭവനില്‍ ലഭിച്ചത്.
ഇരുവരുടെയും ശിപാര്‍ശ പണം വാങ്ങിയാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരാതിയായി കിട്ടിയതോടെ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ട് രണ്ടുമാസം പിന്നിട്ടു. ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം പോലും ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ നിയമനത്തില്‍ രാജ്ഭവന് തീരുമാനം എടുക്കില്ല. ഇതോടെ പിഎസ്സിയിലെ രണ്ട് അംഗങ്ങളുടെ സ്ഥാനമേല്‍ക്കലും വൈകുകയാണ്.
ഇതിനിടെ എന്‍സിപി നേതാവ് പി.സി. ചാക്കോ 55 ലക്ഷം വാങ്ങി പിഎസ്സി നിയമനം നടത്തിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പിഎസ്സി അംഗമായി നിയമിക്കപ്പെട്ട കഴക്കൂട്ടം സ്വദേശിനി രമ്യ വി.ആര് നെതിരെ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയായ എന്‍.എ. മുഹമ്മദ്കുട്ടിയാണ് ആരോപണവുമായെത്തിയത്.
രമ്യ 1.20 കോടി ചെലവഴിച്ചാണ് നിയമനം നേടിയതെന്നാണ് പരാതി. എന്‍സിപി സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിക്ക് 60 ലക്ഷവും പി.സി. ചാക്കോയ്ക്ക് 55 ലക്ഷവും നല്‍കിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മുന്നില്‍ പരാതിയെത്തി. രമ്യ, പി.സി. ചാക്കോ, മന്ത്രി എം.കെ. ശശീന്ദ്രന് എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: