അഹമ്മദാബാദ്: വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില് ഇന്ത്യയും ഇടംപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ 20 ാമത് വാര്‍ഷികാഘോഷ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വിപുലമായ വളര്‍ച്ചാ സാധ്യതകളുള്ള വളര്‍ന്നുവരുന്ന മേഖലകളില്‍ നിക്ഷേപം നടത്താനും ഇന്ത്യയെ വികസിതമാക്കാന്‍ സംഭാവന നല്‍കാനും മോദി രാജ്യത്തെ വ്യവസായികളോടും നിക്ഷേപകരോടും അഭ്യര്‍ത്ഥിച്ചു.അങ്ങനെ 2047-ഓടെ ഇന്ത്യയെ സ്വാശ്രയ രാഷ്ട്രമാക്കാന്‍ പങ്കു വഹിക്കണമെന്നും മോദി പറഞ്ഞു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിനെ രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമാക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യയെ ലോകത്തിന്റെ വളര്‍ച്ചാ യന്ത്രമാക്കുക എന്നത് തന്റെ സ്വപ്നമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിനാശകരമായ ഭൂകമ്പവും അക്രമവും കാരണം ഗുജറാത്തിന്റെ സാമ്പത്തിക മേഖല ദുരിതത്തിലായപ്പോഴാണ് യാത്ര ആരംഭിച്ചത്. ഗുജറാത്തിനെ വിദേശ നിക്ഷേപത്തിന്റെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നതില്‍ വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഗുജറാത്തിന്റെ പ്രതിച്ഛായ വ്യാപാരികളുടെ സംസ്ഥാനമെന്നതില്‍ നിന്ന് ഉല്‍പ്പാദന കേന്ദ്രമെന്ന നിലയിലേക്ക് മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. ഓട്ടോമൊബൈല്‍, കെമിക്കല്‍, ടെക്സ്റ്റൈല്‍സ്, ജെംസ്, ജ്വല്ലറി തുടങ്ങി വിവിധ മേഖലകളില്‍ ഗുജറാത്താണ് രാജ്യത്ത് മുന്നില്‍ നില്‍ക്കുന്നത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, വ്യവസായ മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത്, ആര്‍സലര്‍ മിത്തല്‍ എക്സിക്യൂട്ടീവ് ചെയര്മാന് ലക്ഷ്മി മിത്തല്‍ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്തിലെ ഛോട്ടാ ഉദേപൂരില്‍ 5200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മിഷന് സ്കൂള്‍ ഓഫ് എക്സലന്‍സ് എന്ന പരിപാടിക്ക് കീഴില്‍ 4500 കോടി രൂപയുടെ സ്കൂള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: