തൃശൂര്‍: കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. പത്ത് വര്ഷത്തിലേറെക്കാലമെടുത്ത് നടത്തിയ ആസൂത്രിതമായ കൊള്ളയില്‍ സിപിഎം സംസ്ഥാന നേതാക്കള്‍മുതല്‍ പ്രാദേശിക പ്രവര്‍ത്തകര്‍ വരെ പ്രതിപ്പട്ടികയിലുണ്ട്. നിരവധി തവണ പാര്‍ട്ടിക്ക് മുന്നില്‍ നിക്ഷേപകരും നാട്ടുകാരും പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ല. രണ്ട് വട്ടം സഹകരണ വകുപ്പ് അന്വേഷണം അട്ടിമറിക്കപ്പെട്ടു. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചു. സിപിഎം ജില്ലാക്കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മീഷനും പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു.
300 കോടിയിലേറെ രൂപയാണ് ബാങ്കില്‍ നിന്ന് വ്യാജ വായ്പകള്‍ വഴി കൊള്ളയടിച്ചത്. പണം നഷ്ടമായവര്‍ പതിനൊന്നായിരത്തിലേറെ വരും. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്കില്‍. ഒടുവില്‍ ബാങ്ക് കാലിയായപ്പോള്‍ സഹകരണ വകുപ്പ് ഇടപെട്ട് അഡ്മിനിസ്ത്രേറ്റര് ഭരണം കൊണ്ടുവന്നു. 2021 ജൂലായ് 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു.
സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറ് പേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തു. 300 കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആദ്യ നിഗമനം. വിശദമായ പരിശോധനക്കായി ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കമ്മിറ്റി കണ്ടെത്തി.
2011-12 മുതല്‍ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. വ്യാജരേഖകള്‍ ചമച്ചും, മൂല്യം ഉയര്‍ത്തി കാണിച്ചും ക്രമരഹിതമായി വായ്പയനുവദിക്കുക, ചിട്ടിയിലും, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിലും തുടങ്ങി വിവിധ തലങ്ങളിലായിട്ടായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സി.പി.എം മുന്‍ പ്രവര്‍ത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി സുരേഷ് ആണ് പരാതി നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന് നല്കിയ പരാതിയില്‍ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലന്‍സ്, ഇ.ഡി, സി.ബി.ഐ എന്നിവര്‍ക്കും പരാതി നല്കി.
തുടര്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ നിയോഗിച്ചു. ഇതില്‍ മുന്‍ ഭരണസമിതിയംഗങ്ങളെയും പ്രതി ചേര്‍ത്തു. ഇതോടെ പ്രതിപട്ടിക 18 പേരായി. സഹകരണ വകുപ്പിന്റെ രണ്ടാം കണ്ടെത്തലില്‍ 125.84 കോടിയാണ് ക്രമക്കേടെന്ന് കണ്ടെത്തി. മുന്‍ സഹകരണ രജിസ്ട്രാര്‍മാര്‍, ബാങ്ക് ജീവനക്കാര്‍, എന്നിവരുള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്തു.
ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്ത് ബാങ്കിലും ജീവനക്കാരടക്കമുള്ളവരുടെ വീടുകളിലും പരിശോധന നടത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികളിലേക്ക് കടന്നുവെങ്കിലും പ്രതികളുടെ ഹര്‍ജിയെത്തുടര്‍ന്ന് കോടതി സ്റ്റേ ചെയ്തു.
ബാങ്ക് ജപ്തി നോട്ടീസിനെ തുടര്‍ന്ന് കര്‍ഷകനും, നിക്ഷേപത്തുക കിട്ടാത്തതിനെ തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ വയോധികയും മരിച്ചു. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നുവെന്നും മുന്‍ സഹകരണ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീനാണ് വ്യാജലോണുകള്‍ക്ക് പിന്നിലെന്നും ഇ.ഡി കണ്ടെത്തി.
മൊയ്തീന്റെയും ഭാര്യയുടെയും അക്കൗണ്ടുകളും ബിനാമികളെന്ന് സംശയിക്കുന്ന നാല് പേരുടെയടക്കം 15 കോടിയുടെ 36 സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി. മൊയ്തീന്റെ അടുപ്പക്കാരനും റിയല്‍ എസ്റ്റേറ്റ് -പലിശഇടപാടുകാരനുമായ പി.സതീഷ്കുമാറിനെ ഒന്നാം പ്രതിയാക്കിയും കരുവന്നൂര്‍ ബാങ്കിലെ ജീവനക്കാരനായിരുന്ന പി.പി കിരണിനെ രണ്ടാംപ്രതിയാക്കിയും ഇഡി കേസെടുത്തു.
സതീഷ്കുമാറിന്റെ ഇടപാടുകളില്‍ മൊയ്തീനും പങ്കുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം മുറുകി. മൊയ്തീനുമായി ബന്ധമുള്ള തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട, വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.ആര് അരവിന്ദാക്ഷന് എന്നിവരെയടക്കം തുടര്‍ച്ചയായി ചോദ്യം ചെയ്തു. സെപ്തംബര്‍ 11ന് മൊയ്തീനെ 10 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടു. പിന്നീട് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. സതീഷ്കുമാറിന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ.കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും അയ്യന്തോള്‍ സഹകരണ ബാങ്കിലും കോടികളുടെ ഇടപാടുകള്‍ കണ്ടെത്തി. ഈ രണ്ട് ബാങ്കുകളിലും 25 മണിക്കൂറോളം നീണ്ട പരിശോധന നടത്തി.
25ന് എം.കെ.കണ്ണനെ ഇ.ഡി ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെയാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: