തൃശൂര്‍: ഇഡി അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്നും അടിയന്തരാവസ്ഥയില്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നയാളാണ് താനെന്നും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന്‍. കരുവന്നൂരും താനും തമ്മിലുള്ള ബന്ധം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. തന്റെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും കണ്ണന്‍ പ്രതികരിച്ചു.
ഇഡി വേട്ടയാടുന്ന വിഐപികളുടെ പട്ടികയില്‍ ഇപ്പോള്‍ താനും ഉള്‍പ്പെട്ടിരിക്കുകയാണ്. ഇഡിയുടെ അറസ്റ്റിനെ താന്‍ ഭയക്കുന്നില്ല. നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഇഡി വേട്ടയാടുകയാണ്. തനിക്കൊരു ബിനാമി അക്കൗണ്ടുമില്ല. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂര്‍ കസ്റ്റഡിയില്‍ ഇരുത്തിയിട്ട് മൂന്ന് മിനിറ്റ് മാത്രമാണ് തന്നെ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷം ജയിലില്‍ കിടന്ന ആളാണ് താന്‍. ഇഡിയെ തനിക്ക് ഭയമില്ലെന്നും കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
എകെ 47നുമായി വന്ന് ഇഡി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മര്‍ദിക്കുന്നത് മാത്രമല്ല പീഡനം. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും ഭാഷകൊണ്ടുമൊക്കെയുള്ളതും പീഡനമാണ്. പി.ആര്‍. അരവിന്ദാക്ഷന്റെ നിക്ഷേപങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും കണ്ണന്‍ പറഞ്ഞു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും കൂടിയാണ് മുന്‍ എംഎല്‍എയായ കണ്ണന്‍. തൃശൂര്‍ സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്പ് ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഒരു ബാങ്കിന്റെ അക്കൗണ്ടില്‍ വരുന്നതൊന്നും പ്രസിഡന്റിന്റെ ഉത്തരവാദിത്തമല്ല. അതെല്ലാം ജോലിക്കാരുടെ പണിയാണ്. തന്റെ ബാധ്യതയല്ല. തൃശൂര്‍ സഹകരണ ബാങ്കിന്റെ മുഴുവന്‍ സമയ ചെയര്‍മാനല്ല താന്‍. യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും തീരുമാനങ്ങളില്‍ ഒപ്പിടുകയും മാത്രമാണ് തന്റെ ചുമതലയെന്നും എം.കെ.കണ്ണന്‍ പറഞ്ഞു.
ഇ.ഡി.അറസ്റ്റ് ചെയ്ത പി.ആര്‍ അരവിന്ദാക്ഷന്റെ ബിസിനസോ കച്ചവടമോ തനിക്കറിയില്ല. അനധികൃതമായി അദ്ദേഹത്തിന് സ്വത്തുണ്ടെങ്കില്‍ ഇ.ഡി അന്വേഷിച്ച് നടപടിയെടുക്കട്ടെ. അതിന് തന്നെ എന്തിനാണ് കൂട്ടിക്കെട്ടുന്നത്. ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ തൊഴിലും വരുമാനവും അന്വേഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമോയെന്നും കണ്ണൻ ചോദിച്ചു.
ഒരുപാട് ആളുകള്‍ നമ്മുടെ നാട്ടില്‍ റിയല്‍എസ്റ്റേറ്റ് ഇടപാട് നടത്തി കാശുകാരിയിട്ടുണ്ട്. അരവിന്ദാക്ഷന്‍ മാത്രമല്ലെന്നാണ് എന്റെ അറിവ്. അനധികൃതമായി അരവിന്ദാക്ഷന് സ്വത്തുണ്ടെങ്കില്‍ ഇ.ഡി.അന്വേഷിച്ച് നടപടിയെടുക്കട്ടെ’ – കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: