തിരുവനന്തപുരം: ചന്ദ്രനിൽ ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ലെന്ന സൂചനയുമായി ഐഎസ്ആർഒ. ദൗത്യം പൂർത്തിയാക്കിയ ലാൻഡറിന്റെയും റോവറിന്റെയും കാലാവധി അവസാനിച്ചത് സെപ്റ്റംബർ രണ്ടിനായിരുന്നു. സെപ്റ്റംബർ 22-ന് ഉണർന്നേക്കുമെന്ന പ്രതീക്ഷ ശാസത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ സ്ലീപ് മോഡിലുള്ള വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നില്ല. മണിക്കൂറുകൾ പിന്നിടും തോറും സാദ്ധ്യത മങ്ങുകയാണ്.
14 ദിവസം പ്രവർത്തിക്കുന്ന തരത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്തത്. ലാൻഡറും റോവറും ഇരിക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ ഉണർന്നേക്കാം എന്നായിരുന്നു ഐഎസ്ആർഒയുടെ പ്രതീക്ഷ. ദൗത്യം പൂർത്തിയാക്കിയതോടെ ചന്ദ്രനിലെ സൂര്യാസ്തമയത്തിന് മുന്നോടിയായി ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തി സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു. ഇവയെ വീണ്ടും പ്രവർത്തിപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഇത്.
എന്നാൽ ഇവ ചാന്ദ്ര രാത്രിയിലെ ശൈത്യത്തിൽ നിന്നും അതിജീവിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തവ ആയിരുന്നില്ല. തണുപ്പിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മരവിച്ച് നശിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ നേരിയ പ്രതീക്ഷയാണ് ഇതുവരെയുള്ള കാത്തിരിപ്പിന് കാരണം. ഇനി ഉണർന്നില്ലെങ്കിൽ കൂടി ദൗത്യം പൂർണ വിജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: