ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് മൂന്ന് ദിനം പിന്നിട്ടപ്പോള്‍ മെഡല്‍ വേട്ടയില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളി ചൈന കുതിക്കുന്നു.
മൂന്ന് ദിനങ്ങളിലായി 100 സ്വര്‍ണം നിര്‍ണയിക്കപ്പെട്ടപ്പോള്‍ 53 സ്വര്‍ണമാണ് ചൈനീസ് താരങ്ങള്‍ വാരിക്കൂട്ടിയത്. ഒപ്പം 28 വെള്ളിയും 13 വെങ്കലവുമടക്കം 94 മെഡലുകളാണ് അവര്‍ക്കുള്ളത്. 14 സ്വര്‍ണവും 16 വെള്ളിയും 19 വെങ്കലവുമടക്കം 49 മെഡലുകളുമായി ദക്ഷിണ കൊറിയയാണ് രണ്ടാമത്. എട്ട് സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമടക്കം 46 മെഡലുകളുമായി ജപ്പാന് മൂന്നാമതാണ്. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും 7 വെങ്കലവുമടക്കം 14 മെഡലുകളുമായി ഭാരതം ആറാമതാണ്.
നാലാം ദിനമായ ഇന്ന് 47 സ്വര്‍ണം തീരുമാനിക്കപ്പെടും. നീന്തലില്‍ ഏഴ്, സൈക്ഌങ്ങില് മൂന്ന്, ഫെന്‍സിങ്ങില്‍ രണ്ട്, ജിംനാസ്റ്റിക്സില്‍ ഒന്ന്, ജൂഡോയില്‍ ഒന്ന്, ചെസ്സില്‍ രണ്ട്, ഇ സ്പോര്‍ട്സില്‍ ഒന്ന്, റോഌ സ്പോര്‍ട്സ് സ്കേറ്റ് ബോര്ഡിങ്ങില് രണ്ട്, സെയ്ലിങ്ങില് 14, ഷൂട്ടിങ്ങില്‍ എട്ട്, തായ്ക്വാണ്ടോയില് മൂന്ന്, ബീച്ച് വോളിയില്‍ ഒന്ന്്, വുഷുവില്‍ രണ്ട് എന്നിങ്ങനെയണ് ഇന്ന് നിര്‍ണയിക്കപ്പെടുന്ന സ്വര്‍ണമെഡലുകള്‍.
ബോക്സിങ്ങില്നരേന്ദര് ക്വാര്‍ട്ടറില്‍
92 കി.ഗ്രാമിന് മുകളിലുള്ളവരുടെ ബോക്സിങ്ങില്‍ ഭാരതത്തിന്റെ നരേന്ദര്‍ ബര്‍വാല്‍ ക്വാര്‍ട്ടറിലെത്തി. കസാക്കിസ്ഥാന്റെ എല്ചോരോ ഉലി ഉമാറ്റ്ബെക്കിനെ നോക്കൗട്ട് ചെയ്താണ് നരേന്ദറിന്റെ കുതിപ്പ്.
ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയോടെ ഭാരത വനിതകള്‍ ഇന്ന് ഫൈനലിനിറങ്ങും. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇഷ സിങ്, മനു ഭക്കര്‍, റിതം സങ്വാന് എന്നിവരടങ്ങിയ ടീം 876 പോയിന്റുമായി ഒന്നാമതായി ഫൈനലിലേക്ക് യോഗ്യത നേടി. വ്യക്തിഗത വിഭാഗത്തിലും മനു ഭക്കര്‍ ഒന്നാമതായി യോഗ്യത നേടിയിട്ടുണ്ട്. ഇഷ സിങ് രണ്ടാമതായും.
പുരുഷ സിംഗിള്‍സ് ടെന്നീസില്‍ സുമിത് നാഗല്‍ ക്വാര്‍ട്ടറിലെത്തി. കസാക്കിസ്ഥാന്റെ ഷുകയേവിനെ 7-6 (11-9), 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഭാരത താരത്തിന്റെ കുതിപ്പ്. ചൈനയുടെ ഷാങ് ഷിഷെന്‍ ആണ് ക്വാര്‍ട്ടറില്‍ എതിരാളി. വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്നയും അവസാന എട്ടില്‍ പ്രവേശിച്ചു. ഹോങ്കോങ്ങിന്റെ ആദിത്യ കരുണരത്നയെ 6-1, 6-2 എന്ന നേരിട്ടുള്ള സ്കോറിന് പരാജയപ്പെടുത്തിയാണ് അങ്കിത ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേസമയം മറ്റ് സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥനും റുതുജ ബോസ്ലെയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
മിക്സഡ് ഡബിള്‍സില്‍ യുകി ഭാംബ്രി-അങ്കിത റെയ്ന സഖ്യം മൂന്നാം റൗണ്ടിലെത്തി. പാക്കിസ്ഥാന്റെ സാറാ മെഹ്ബൂബ് ഖാന്-അഖീല്‍ ഖാന് സഖ്യത്തെ 6-0, 6-0 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: