ഹാങ്ചോ: വെങ്കല പോരില്‍ മംഗോളിയ താരത്തോട് തൂലിക മാന്‍ തോറ്റതോടെ ജൂഡോയിലെ ഭാരത പ്രതീക്ഷ തീര്‍ന്നു. വിവിധ ഇനങ്ങളിലായി നാല് ഭാരതീയരാണ് ഹാങ്ചോയില്‍ മത്സരിച്ചത്. അതില്‍ സെമി വരെ മുന്നേറിയത് തൂലിക മാത്രം. ക്വാര്‍ട്ടര്‍ വരെ ഇപ്പോന് പ്രകടനത്തോടെയാണ് താരം മുന്നേറിക്കൊണ്ടിരുന്നത്. പക്ഷെ സെമിയില്‍ പരാജയപ്പെട്ട് പുറത്തായി.
തുടര്‍ന്ന് നടന്ന വെങ്കല മെഡലിന് വേണ്ടിയാണ് മംഗോളിയ താരം അമാരയ്ഖാന് അദിയസുറെനുമായി മത്സരിച്ചത്.
മറ്റ് താരങ്ങളായ ഇന്ദുബാലാ ദേവിയും നേരത്തെ പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. പുരുഷന്മാരുടെ 100 കിലോയില്‍ മത്സരിച്ച അവതാര്‍ സിങ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയെങ്കിലും പരിക്ക് കാരണം പിന്മാറി. തുടര്‍ന്ന് സാങ്കേതികമായി പുറത്താകുകയും ചെയ്തു.
തിങ്കളാഴ്ച നടന്ന വനിതകളുടെ 70 കിലോ വിഭാഗത്തിലാണ് ഇത്തവണ ആദ്യമായി ഭാരത താരം ജൂഡോയില്‍ മത്സരിച്ചത്. പ്രീക്വാര്‍ട്ടര്‍ വരെ എത്തിയ ഗരിമ ചൗധരി ഫിലിപ്പീന്‍സ് താരത്തോട് തോറ്റ് പുറത്താകുകയായിരുന്നു.
ദേശീയ റിക്കാഡ് മറികടന്നിട്ടും മെഡലില്ലാതെ നീന്തല്‍ ടീം
ഹാങ്ചൊ: പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആര്യന് നെഹ്രയും 4-100 മെഡ്ലേ റിലേ ടീമും ദേശീയ റിക്കാര്‍ഡ് മറികടന്നെങ്കിലും മെഡല്‍ മാത്രം നീന്തിപിടിക്കാനായില്ല. 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആര്യന് നെഹ്ര 15:20.91 സമയം കുറിച്ചുകൊണ്ടാണ് തന്റെ തന്നെ മികച്ച പ്രകടനം കണ്ടെത്തിയത്. ഹീറ്റ്സിലെ താരത്തിന്റെ ഈ പ്രകടനം ദേശീയ റിക്കാര്‍ഡ് മറികടന്നുകൊണ്ടായിരുന്നു. പക്ഷെ ഫൈനലില്‍ ഏഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇതേ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഭാരത താരം കുശാഗ്ര റാവത്ത് എട്ടാമത് ഫിനിഷ് ചെയ്തു.
4-100 മെഡ്ലേ റിലേയില്‍ ഭാരത ടീം പുതിയ ദേശീയ റിക്കാര്‍ഡ് സ്വന്തമാക്കിയെങ്കിലും മെഡല്വിട്ടകന്നു. ഫൈനലില്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. മലയാളി താരം സജന് പ്രകാശ്, ശ്രീഹരി നടരാജന്, ലികിത് എസ്.പി, തനിഷ് ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട ടീമിന് ചൈന, ജപ്പാന്, കൊറിയ എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ഇവര്‍ ഹീറ്റ്സില്‍ സ്ഥാപിച്ച 3:40.84 സെക്കന്‍ഡിന്റെ റിക്കാര്‍ഡ് വീണ്ടും ഫൈനലില്‍ 3:40.20 സെക്കന്‍ഡില്‍ നീന്തിയെത്തി മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: