കൊളംബോ: ചൈനയുടെ ഗവേഷണക്കപ്പല്‍ ശ്രീലങ്കയുടെ തീരത്ത് നങ്കൂരമിടുന്നതിന് അനുവാദം നല്‍കില്ലെന്ന് കൊളംബോ. ഭാരതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.
ചൈനയുടെ ഗവേഷണ കപ്പലായ ഷിയാന്‍ 6 ഒക്ടോബറില്‍ ശ്രീലങ്കയില്‍ നങ്കൂരമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഭാരതം ആശങ്ക ഉയര്‍ത്തി. തുടര്‍ന്ന് പലരുമായും ഇതേപ്പറ്റി ചര്‍ച്ച ചെയ്തു. ഘട്ടംഘട്ടമായി നടത്തിയ ചര്‍ച്ചകളിലെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന സൈനിക ഇടപെടലുകള്‍ ഭാരതത്തിന്
ഭീഷണിയാകുമെന്നാണ് ആശങ്ക. ഭാരതമുള്‍പ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനം. ഒക്ടോബറില്‍ കപ്പലിന് ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങള്‍ക്ക് പ്രധാനം, അദ്ദേഹം വ്യക്തമാക്കി.
വിദേശ കപ്പലുകള്‍ നങ്കൂരമിടുന്നതില്‍ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും അറിയിച്ചു. നേരത്തെ യുഎന്‍ അണ്ടര്‍ സെക്രട്ടറി വിക്ടോറിയ നൂലന്റും ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുന്നതില്‍ ശ്രീലങ്കയോടെ ആശങ്ക അറിയിച്ചിരുന്നു.
കാനഡ ഭീകരരുടെ സുരക്ഷിത താവളം: ശ്രീലങ്ക
കൊളംബോ: ഭീകരര്‍ക്കെതിരെയുള്ള ഭാരതത്തിന്റെ നിലപാടിനെ പിന്തുണച്ചും കാനഡയെ വിമര്‍ശിച്ചും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുകയാണ്. ഒരു തെളിവുമില്ലാതെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന നുണയാണ് കാനഡ പറഞ്ഞതെന്ന് എഎന്‍ഐയോട് അലി സാബ്രി പറഞ്ഞു. ജസ്റ്റിന് ട്രൂഡോ മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളില്‍ തലയിടേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണ് സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുകയെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: