ന്യൂദല്‍ഹി: നിശ്ചയദാര്‍ഢ്യമുള്ള യുവാക്കളുണ്ടെങ്കില്‍ 2047 ഓടെ വികസിതവും സ്വാശ്രയവുമായ ഭാരതം സൃഷ്ടിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തില്‍ നടന്ന ജി 20 യൂണിവേഴ്സിറ്റി കണക്റ്റ് ഫിനാലെയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭാരതത്തിന്റെയും ഇവിടുത്തെ യുവാക്കളുടെയും കഴിവുകള്‍ തിരിച്ചറിയുന്നതിനാല്‍ ലോകം മുഴുവനും ഇപ്പോള്‍ ഭാരതത്തിലേക്ക് പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഭാരതത്തിന്റെയും യുവാക്കളുടെയും പുരോഗതി ലോകപുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ തന്നെ പ്രാപ്തനാക്കുന്നത് യുവാക്കളാണ്. ലോക വേദിയില്‍ ഭാരതത്തിന്റെ വീക്ഷണം മുന്നോട്ട് വയ്ക്കുമ്പോള്‍ ഇവിടുത്തെ യുവാക്കളാണ് തനിക്ക് പ്രചോദനം. തന്റെ ശക്തി ഭാരതത്തിലെ യുവാക്കളാണ്. ശുഭാപ്തിവിശ്വാസവും അവസരങ്ങളും തുറന്ന മനസ്സും ഉള്ളിടത്താണ് യുവാക്കള്‍ മുന്നേറുക. യുവാക്കള്‍ വലുതായി ചിന്തിക്കണം. യുവാക്കള്‍ക്ക് കൈവരിക്കാന്‍ പറ്റാത്തതായി ഒരു നേട്ടവുമില്ല. ഒരു അവസരവും ചെറുതായി കാണരുതെന്നും ഓരോ പ്രവര്‍ത്തനവും ഒരു മാനദണ്ഡമാക്കി മാറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഒന്നിന് രാജ്യത്തുടനീളം നടക്കുന്ന വിപുലമായ ശുചീകരണ കാമ്പയിനില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഏഴ് പേരെയെങ്കിലും യുപിഐ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്സവവേളകളില്‍ തദ്ദേശീയമായി നിര്‍മിച്ച വസ്തുക്കള്‍ സമ്മാനമായി നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ മൂന്ന് അഭ്യര്‍ത്ഥനകള്‍ ഇന്നത്തെ യുവാക്കളുടെയും ഭാവി തലമുറയുടെയും ഉന്നമനത്തിന് വേണ്ടിയാണ്. ഈ ദൃഢനിശ്ചയത്തോടെ യുവാക്കള്‍ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: