തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റു ചെയ്തു. കേസില്‍ ഇഡി ഇന്ന് നടത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്. ഇന്ന് ഉച്ചയ്ക്ക് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയ്യാള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്.
തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പുതിയ അറസ്റ്റ്. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്‌ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍.
നേരത്തെ മര്‍ദ്ദിച്ച് വ്യാജ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു. ഇതില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇയ്യാളെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.
അരവിന്ദാക്ഷനെതിരെ ശക്തമായ തെളിവുണ്ടെന്നും പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും ഇഡി പറഞ്ഞു.ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറിന്റെ പല സാമ്പത്തിക ഇടപാടുകള്‍ക്കും ചുക്കാന്‍ പിടിച്ചത് അരവിന്ദാക്ഷന്‍ ആണെന്നാണ് കണ്ടെത്തല്‍.
കള്ളപ്പണം വെളുപ്പിച്ചതില്‍ സതീഷ് കുമാറിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിഹരിക്കാന്‍ ഇടനിലക്കാരനായി നിന്നത് അരവിന്ദാക്ഷനാണ്. ഇതിന് പുറമേ കരുവന്നൂര്‍ ബാങ്കില്‍ നിന്നും മൂന്ന് കോടി രൂപ നല്‍കാന്‍ സഹായിച്ചത് അരവിന്ദാക്ഷന്‍ ആണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
സതീഷ് കുമാരും പി.പി കിരണും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതും അരവിന്ദാക്ഷനാണെന്നും ഇഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഇഡി അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. മുന്‍ മന്ത്രിയും എംഎല്‍എയമായ എ.സി.മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: