കാനഡ: കാനഡയിലെ ഭാരത നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖലിസ്ഥാൻ ഭീകര സംഘടനകളുടെ പ്രതിഷേധം. നിജ്ജാർ വധത്തിന് ഉത്തരവാദി ഭാരതമാണെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഭാരത കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖലിസ്ഥാൻ ഭീകരർ ഭാരത പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധമുണ്ടായി.
ഖലിസ്ഥാൻ ഭീകരരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാനഡയിലെ ഭാരത നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വര്‍ധിപ്പിച്ച് കാനഡ. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് മുൻപിൽ ബാരിക്കേഡ് നിരത്തി. ടൊറന്റോയിലെയും വാൻകൂവറിലെയും ഇന്ത്യൻ കോൺസുലേറ്റുകൾക്കും സുരക്ഷ കൂട്ടി. കാനഡയിലെ പ്രധാന നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതിനിടെ ഇന്ത്യയിലുള്ള കനേഡിയൻ പൗരൻമാർക്കുള്ള യാത്ര മാർഗനിർദേശം കാനഡ വീണ്ടും പുതുക്കി. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ മാർഗനിർദേശം പുതുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: