രാജ്യത്തെ ആദ്യ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കി ടാറ്റ. കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഡൽഹിയിൽ ബസുകൾ പുറത്തിറക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള രണ്ട് ബസാണ് മന്ത്രി പുറത്തിറക്കിയത്. വരും ദിവസങ്ങളിൽ നാല് ബസുകൾ കൂടി പുറത്തിറങ്ങും. ഈ വർഷം അവസാനത്തോടെ 15 ഹൈഡ്രജൻ ബസുകളെങ്കിലും റോഡിൽ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹിയിൽ നൂറ് കിലോമീറ്റർ പരിധിയിലാകും ബസ് സർവീസ് ഉണ്ടാകുക. മൂന്ന് ലക്ഷം കിലോമീറ്റർ വരെ ഈ ബസുകൾക്ക് സർവീസ് നടത്താനാകും. തീപിടിത്തത്തിന് സാദ്ധ്യതയുള്ള ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിക്കുന്നു എന്നതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാതെയാണ് ഇരുബസുകളും പരീക്ഷണം നടത്തുന്നത്. അടുത്ത ഘട്ടത്തിൽ നാല് ബസുകളാകും നിരത്തിൽ ഇറങ്ങുക. ഇവ പുനെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ പരിശോധനകൾക്ക് വിധേയാമായിരിക്കുകയാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻഫെ ഫരീദാബാദിലെ ഗവേഷണകേന്ദ്രത്തിലാണ് ഹൈഡ്രജന്റെ നിർമ്മാണം. ഇലക്ട്രിക് വാഹനങ്ങളെക്കാൾ ഇന്ധനക്ഷമമാണ് ഹൈഡ്രജൻ എന്ന് കമ്പനി പറയുന്നു. ടാറ്റാ മോട്ടോഴ്‌സാണ് ബസ് സജ്ജമാക്കിയിരിക്കുന്നത്. 15 ഹാഡ്രജൻ ഫ്യുവൽ സെൽ ബസുകളുടെ ടെൻഡറാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നും ടാറ്റ മോട്ടോഴ്‌സിന് ലഭിക്കുന്നത്. 12 മീറ്റർ നീളത്തിലാണ് ബസിന്റെ നിർമ്മാണം. 35 പേർക്ക് യാത്ര ചെയ്യാനാകും വിധത്തിലാണ് ബസ് സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: