കെ.ജി.ജോര്‍ജ് എന്ന സംവിധായകന്റെ വേര്‍പാടോടെ മലയാള സിനിമയുടെ ചരിത്രത്തിന് ഒരു വിച്ഛേദം സംഭവിച്ചിരിക്കുകയാണെന്നുതന്നെ പറയാം. ആരെയും അനുകരിക്കാതെയും ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകളുടെത്തും മലയാള പ്രേക്ഷകരുടെ അഭിരുചിയെ നിര്‍ണയിച്ച ചലച്ചിത്രകാരനാണ് ജോര്‍ജ്. ദേശീയ അവാര്‍ഡ് നേടിയ ആദ്യചിത്രമായ സ്വപ്നാടനത്തിലും, പാഠപുസ്തകമായി കണക്കാക്കപ്പെടുന്ന യവനികയിലും, സസ്പെന്‍സ് ത്രില്ലറായ ഈ കണ്ണികൂടി എന്ന സിനിമയിലുമൊക്കെ ജോര്‍ജിന്റെ സര്‍ഗമുദ്ര വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്. മായ എന്ന ചിത്രത്തില്‍ രാമു കാര്യാട്ടിനൊപ്പം പ്രവര്‍ത്തിച്ചാണ് ജോര്‍ജ് സിനിമാരംഗത്തേക്കു വന്നത്. ഏത് ആള്‍ക്കൂട്ടത്തിനിടയിലും ഐഡന്റിറ്റിയായിരുന്ന ബുള്‍ഗാന്‍ താടി കാര്യാട്ടിനെ അനുകരിച്ചതാണെന്ന് ജോര്‍ജ് ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ ജോര്‍ജ് അംഗീകരിച്ചിരുന്ന ചലച്ചിത്രകാരനും കാര്യാട്ടാണ്. സ്വപ്നാടനം, കോലങ്ങള്‍, യവനിക, ഉള്‍ക്കടല്‍, മേള, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക് എന്നിങ്ങനെ ജോര്‍ജ് സംവിധാനം ചെയ്തവ മലയാള സിനിമയുടെ ചരിത്രത്തില്‍ എണ്ണം പറഞ്ഞ ചിത്രങ്ങളാണ്. ജോര്‍ജിനെപ്പോലെ സിനിമയെടുക്കാന്‍ മറ്റു പലരും ശ്രമിക്കുകയും മോഹിക്കുകയുമൊക്കെ ചെയ്തെങ്കിലും അതില്‍ പരാജയപ്പെടുകയായിരുന്നു. സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ശരിയായ അവബോധമുള്ള സംവിധായകനായിരുന്നു ജോര്‍ജ്. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പണം വാരിക്കൂട്ടുകയുമൊക്കെ ചെയ്ത സംവിധായകര്‍ പലരുമുണ്ടെങ്കിലും ജോര്‍ജിനെപ്പോലെ സിനിമയോട് സത്യസന്ധത പുലര്‍ത്തി ചിത്രങ്ങളെടുത്ത മറ്റൊരാളെ മലയാളത്തില്‍ ചൂണ്ടിക്കാട്ടുക എളുപ്പമല്ല.
സിനിമകളുടെ നിലവാരവും മൗലികതയും വച്ചുനോക്കുമ്പോള്‍ വളരെയേറെ അംഗീകാരങ്ങള്‍ ലഭിക്കേണ്ടയാളായിരുന്നു കെ.ജി. ജോര്‍ജ്. എന്നാല്‍ അംഗീകാരത്തിനും ആദരവിനും വേണ്ടി സിനിമാ ബാഹ്യമായി എന്തെങ്കിലും ചെയ്യുന്നയാളായിരുന്നില്ല. ഉപജാപങ്ങളിലൂടെയും ലോബിയിങ്ങിലൂടെയും മതജാതി സമ്മര്‍ദ്ദങ്ങളിലൂടെയും മറ്റും ദേശീയവും അന്തര്‍ദ്ദേശീയവുമൊക്കെയായ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ ജോര്‍ജിന്റെ സിനിമാ വ്യക്തിത്വത്തിനു മുന്നില്‍ വളരെ ചെറിയ മനുഷ്യരായി മാറുന്നു. എടുക്കുന്ന ഓരോ സിനിമയിലും പുതുമകള്‍ കൊണ്ടുവരാനും, അത് പ്രേക്ഷകരിലേക്ക് സംക്രമിപ്പിക്കാനും ഈ സംവിധായകന് കഴിഞ്ഞിരുന്നു. ജോര്‍ജ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എടുത്ത സിനിമകള്‍ ഇന്നു കാണുമ്പോഴും അവയുടെ പൂര്‍ണത പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. പ്രമേയ സ്വീകരണത്തിലും ആവിഷ്കരണത്തിലും സിനിമ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് ശപഥം ചെയ്തയാളാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജോര്‍ജിന്റെ ഓരോ സിനിമയും. സാമൂഹ്യജീവിതത്തിന്റെ വിവിധ തട്ടുകളില്‍ കഴിയുമ്പോഴും സ്ത്രീകള്‍ ഒരേപോലെ ചൂഷണം ചെയ്യപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും എങ്ങനെയാണെന്ന് പറയുന്ന സിനിമയാണ് ആദാമിന്റെ വാരിയെല്ല്. ഈ സിനിമ അവസാനിക്കുന്നത് സൂര്യയുടെ നേതൃത്വത്തില്‍ ഒരുപറ്റം സ്ത്രീകള്‍ ഓടിവന്ന് സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സംവിധായകനെയും ക്യാമറമാനെയും മറ്റും ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതാണ്. ചട്ടക്കൂടുകള്‍ തകര്‍ക്കുന്ന സിനിമകള്‍ക്കു മാത്രമേ സ്ത്രീ ജീവിതം സത്യസന്ധമായി ആവിഷ്കരിക്കാന്‍ കഴിയൂ എന്നതിന്റെ പരസ്യപ്രഖ്യാപനമായിരുന്നു ഇത്. തന്റെ സിനിമയ്ക്കും ഇത് ബാധകമാണെന്ന് പറയുകയായിരുന്നു ജോര്‍ജ്.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായിരുന്ന കെ.ജി.ജോര്‍ജ് അവിടെ വിദ്യാര്‍ത്ഥിയായെത്തിയ രജനീകാന്തിനെ പഠിപ്പിച്ചിട്ടുമുണ്ട്. ജോര്‍ജിന്റെ യവനിക ഇതേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിന്നീട് പഠിപ്പിക്കുകയും ചെയ്തു. ജോര്‍ജിന്റെ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമ ഏതെന്നു ചോദിച്ചാല്‍ യവനികയാണെന്ന് പറയാം. എന്നാല്‍ ഈ സംവിധായകന്റെ ഏറ്റവും നല്ല സിനിമ ഏതെന്ന ചോദ്യത്തിന് യവനിക എന്ന ഉത്തരം മതിയാവില്ല. ഉള്ളടക്കത്തിലും ക്രാഫ്റ്റിലും കൃത്യമായ ധാരണകള്‍ പുലര്‍ത്തിയിരുന്ന ജോര്‍ജിന്റെ എല്ലാ സിനിമകളിലും ‘പെര്ഫെക്ഷന്’ എന്നത് ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ ഇവയൊന്നും ശരിയായി ചര്‍ച്ചചെയ്യപ്പെട്ടില്ല. അതിനുള്ള പക്വത പ്രേക്ഷകര്‍ നേടിയില്ലെന്നു വേണം പറയാന്‍. കേരളരാഷ്ട്രീയത്തിലും ഭരണത്തിലുമൊക്കെ നിറഞ്ഞുനില്ക്കുന്ന അഴിമതിയുടെ അശ്ലീലസ്വഭാവം ആവിഷ്കരിക്കുന്ന പഞ്ചവടിപ്പാലം ഇതില്‍നിന്ന് വ്യത്യസ്തമാണ്. പ്രവചനസ്വഭാവമുള്ള സിനിമയെന്ന് പില്ക്കാലത്ത് തിരിച്ചറിഞ്ഞ ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാള സിനിമയുടെ ചരിത്രത്തില്‍ കെ.ജി.ജോര്‍ജ് എന്ന സംവിധായകന് അവശേഷിപ്പിച്ചുപോയിട്ടുള്ളത് ഒരിക്കലും മായാത്ത മുദ്രകളാണ്. മലയാളത്തില്‍ സംവിധായകന്മാര് നിരവധിയുണ്ടെങ്കിലും ‘ഫിലിം മേക്കര്‍’ എന്നുവിളിക്കാവുന്നവര് വളരെ ചുരുക്കമാണ്. ഇതിലൊരാളാണ് കെ.ജി.ജോര്‍ജ്. സിനിമയെ സ്നേഹിക്കുന്നവര്‍ക്കും അതിനെ ഗൗരവത്തിലെടുക്കുന്നവര്‍ക്കും വലിയ നഷ്ടബോധമാണ് ഈ ചലച്ചിത്രകാരന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: