ഇംഫാല്‍: മ്യാന്മര് അതിര്‍ത്തിയിലെ ഇരുമ്പുവേലി എഴുപത് കിലോമീറ്റര്‍ കൂടി നീട്ടാന്‍ നിര്‍ണായക തീരുമാനം. മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ മ്യാന്മറില് നിന്നുള്ള ഭീകരരുടെ പങ്കാളിത്തം വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണിത്.
ഇത് സംബന്ധിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ (ബിആര്‍ഒ) ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി കടന്നുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുക എന്നതാണ് ഈ സംരംഭത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം.
അതിര്‍ത്തിയിലെ പിഴവുകള്‍ അടയ്ക്കേണ്ടത് അടിയന്തരാവശ്യമാണെന്നും മയക്കുമരുന്ന് കടത്ത് ഈ മേഖലയില്‍ ശക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപിയും ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മ്യാന്മറുമായുള്ള മണിപ്പൂരിന്റെ 400 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ വേലി കെട്ടിയിരിക്കുന്നത്. ഈ പ്രദേശം അതിര്‍ത്തി കടന്നുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഭൂപ്രകൃതി ഉയര്‍ത്തുന്ന വെല്ലുവിളി കാരണം അതിര്‍ത്തി മുഴുവന്‍ വേലി കെട്ടുന്നത് ദുഷ്കരമാണെങ്കിലും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വ്യാപകമായ പ്രദേശങ്ങള്‍ അടയ്ക്കാനാണ് തീരുമാനം.
അതിര്‍ത്തിയുടെ ഇരുവശവുമുള്ളവര്‍ക്ക് 16 കിലോമീറ്റര്‍ വരെ മറുവശത്തേക്ക് സഞ്ചരിക്കാന്‍ അനുവദിക്കുന്ന ഫ്രീ മൂവ്മെന്റ് റെജിം (എഫ്എംആര്‍) ശാശ്വതമായി അടയ്ക്കാന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായി നടപ്പിലാക്കിയ എഫ്എംആര്‍, ഇരു രാജ്യങ്ങളിലെയും സമാന സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് വ്യാപാരം, സ്വതന്ത്ര സഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്. പക്ഷേ ഇതും ഇപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ബിരേന്‍ സിങ് ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയിലെ ഫെന്‍സിങ് വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: