ബെംഗ്ലൂരു: കാവേരി വിഷയത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിന് 5000 ഘനയടി വെള്ളം വിട്ടുകൊടുക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ബെംഗളൂരുവില്‍ നേരത്തെ തന്നെ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
300ലധികം കന്നഡ, കര്‍ഷക സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കരിമ്പ് ഉല്‍പ്പാദകരുടെ അസോസിയേഷനും കര്‍ണാടക ജല സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്.
ബാങ്കുകള്‍ കോര്‍പ്പറേറ്റ് ഓഫീസുകള്‍ എന്നിവയേയും ബന്ദ് സാരമായി ബാധിക്കും. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും അടച്ചിട്ടിരിക്കാനോ പരിമിതമായ സേവനങ്ങളില്‍ പ്രവര്‍ത്തിക്കാനോ തീരുമാനിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബന്ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.
കെഎസ്ആര്‍ടിസി, ബിഎംടിസി ബസ് സര്‍വീസുകളടക്കം തടസപ്പെടും. ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല, യൂബര്‍ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മ മെട്രോ തീവണ്ടികള്‍ ഓടുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചിട്ടുള്ളത്.
മഴ കുറവായതിനാല്‍ സംസ്ഥാനത്തെ 195 താലൂക്കുകള്‍ വരള്‍ച്ചാഭീഷണി നേരിടുകയാണെന്നും സംസ്ഥാനത്തെ ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ലഭ്യമല്ലെന്നും കെഎസ്ആര്‍ടിസി സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധക്കാര്‍ ബന്ദിന്റെ ഭാഗമായി രാവിലെ 11 മണിക്ക് ടൗണ്‍ ഹാളില്‍ നിന്ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളിലേക്ക് റാലി നടക്കും. ബെംഗളൂരു ബന്ദ് കന്നഡക്കാരുടെ ഐക്യത്തിന് വേണ്ടിയുള്ള റാലി ആഹ്വാനമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കര്‍ണാടക സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും ചെയ്യുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രികളും മെഡിക്കല്‍ സേവനങ്ങളും തുറന്ന് കിടക്കും. പൊതുജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആശുപത്രികള്‍, മരുന്ന് ഷാപ്പ്, മറ്റ് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: