തിരുവനന്തപുരം: വീട്ടമ്മയിൽ നിന്നും ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയെടുത്ത നാല് പേർ അറസ്റ്റിൽ. എറണാകുളം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ ഉത്തരേന്ത്യക്കാരായ നാല് പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണ സംഘം റാഞ്ചിയിൽ നിന്നും അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ, മോഹൻകുമാർ, അജിത് കുമാർ, റാഞ്ചി സ്വദേശിയായ നീരജ് കുമാർ എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും 28 മൊബൈൽ ഫോണുകളും 85 എടിഎം കാർഡുകൾ, 8 സിം കാർഡുകൾ, ലാപ്ടോപ്പ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ്ബുക്കുകളും കണ്ടെടുത്തു. കൂടാതെ 1.25 ലക്ഷം രൂപയും ഇവിടെ നിന്നും കണ്ടെത്തി. പ്രതികളെ റാഞ്ചി കോടതിയിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം എറണാകുളം കോടതിയിൽ എത്തിക്കുന്നതായിരിക്കും.
സ്നാപ്ഡീലിന്റെ ഉപഭോക്താക്കൾക്ക് വേണ്ടി സ്നാപ്ഡീൽ ലക്കി ഡ്രോ എന്ന വ്യാജേന നടത്തിയ നറുക്കെടുപ്പിൽ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി എറണാകുളം സ്വദേശിനിയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സമ്മാനത്തുക ലഭിക്കുന്നതിന് വേണ്ടി സർവീസ് ചാർജെന്ന വ്യാജേന വിവിധ ഘട്ടങ്ങളിലായി വീട്ടമ്മയിൽ നിന്നും ഒരു കോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകൾ മുഖേന തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന തുക ഉടൻ തന്നെ എടിഎം കാർഡ് മുഖേന പിൻവലിച്ച് ക്രിപ്റ്റോകറൻസിയാക്കി മാറ്റുന്നതായിരുന്നു പ്രതികളുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: