അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അദാനി ആരംഭിച്ച ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ശരത് പവാറും അദാനിയും ചേര്‍ന്ന്. ഇന്ത്യാ മുന്നണിയിലുള്ള ശരത് പവാര്‍ അദാനിയുമായി ചേര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി പറയുന്നത് ആരും കേള്‍ക്കുന്നില്ല എന്നാണെന്ന് ബിജെപി പരിഹസിച്ചു.
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധി അദാനി ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിടുമ്പോഴാണ് ഇന്ത്യാമുന്നണിയിലെ അംഗമായ ശരത് പവാര്‍ അദാനിയുമൊത്ത് ഒരു ഫാക്ടറിയുടെ ഉദ്ഘാടനം ഗുജറാത്തിലെ അഹമ്മദാബാദില്‍ നിര്‍വ്വഹിച്ചത്. അദാനി പുതുതായി ആരംഭിയ്‌ക്കുന്ന ലാക്ടോഫെറിന്‍ പ്ലാന്‍റാണ് ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.
It was a privilege to inaugurate India’s first Lactoferrin Plant Exympower in Vasna , Chacharwadi , Gujarat along with Mr. Gautam Adani pic.twitter.com/G5WH9FaO5f
— Sharad Pawar (@PawarSpeaks) September 23, 2023
ശരത് പവാര്‍ തന്നെ ഈ ഉദ്ഘാടനച്ചടങ്ങിന്റെ ഫോട്ടോ സഹിതം വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. “ഇന്ത്യയുടെ ആദ്യത്തെ ലാക്ടോഫെറിന്‍ പ്ലാന്‍റ് ഗുജറാത്തിലെ ചചര്‍വാഡിയിലെ വാസ്നയില്‍ ഗൗതം അദാനിയോടൊപ്പം ഉദ്ഘാടനം ചെയ്തു”- എന്നാണ് സമൂഹമാധ്യമത്തില്‍ ശരത് പവാര്‍ പങ്കുവെച്ച കുറിപ്പ്.
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദാനിയ്‌ക്കെതിരെ ഇന്ത്യാ മുന്നണി ഒന്നടങ്കം ഒന്നിനു പിറകെ ഒന്നായി ആക്രമണം അഴിച്ചുവിടുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയ്‌ക്ക് തിരിച്ചടി നല്‍കി ശരത് പവാര്‍ അദാനിയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്. മുംബൈയില്‍ നടന്ന ഇന്ത്യാ മുന്നണിയുടെ രണ്ടാമത്തെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച പ്രധാനി കൂടിയായിരുന്നു ശരത് പവാര്‍.
അദാനിയ്‌ക്കൊപ്പം ശരത് പവാര്‍ നില്‍ക്കുന്ന ചിത്രം ആയിരക്കണക്കിന് വാക്കുകള്‍ പറയുന്നുണ്ടെന്നും എന്നാല്‍ അത് കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കാതുണ്ടോ എന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചോദിച്ചു. “ഇന്ത്യാ മുന്നണിയില്‍ ആരും രാഹുല്‍ ഗാന്ധിയെ ഗൗരവത്തോടെ കണുന്നില്ലെന്നതിന് തെളിവാണ് ഈ ചിത്രം.” – ഷെഹ്സാദ് പൂനവാല പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: