ചെന്നൈ: സനാതനധർമ്മതെ അവഹേളിച്ച ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട്ടിലെ അരണിയിലെ ഹിന്ദു മുന്നണി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ 22ന് നടന്ന വിനായക ചതുർത്ഥി ആഘോഷത്തിനിടെ ഹിന്ദു മുന്നണി നേതാവ് മഹേഷ് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഡിഎംകെ ജില്ലാ തലവൻ എ.സി മണി അരണി പോലീസിൽ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
പരാതിയിൽ കേസ് എടുത്ത പോലീസ് അരണിയിലെ വസതിയിൽ അതിക്രമിച്ച് കടന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചിഴച്ചാണ് മഹേഷിനെ പോലീസ് വാഹനത്തിൽ കയറ്റിയത്. ഉദയനിധിയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി മഹേഷ് രംഗത്ത് എത്തിയിരുന്നു. സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ഇക്കാര്യം മാത്രമാണ് ശക്തമായി ആവശ്യപ്പെട്ടത് എന്നുമായിരുന്നു മഹേഷിന്റെ പ്രതികരണം.
മാപ്പ് പറഞ്ഞില്ലെങ്കിൽ ഉദയനിധിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഡിഎംകെ നേതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: