കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് റെയ്ഡ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. പി.എഫ്.ഐ.യുമായി ബന്ധപ്പെട്ട 33 അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു. അതിന്റെ തുടര്‍നടപടിയായാണ് ഇ.ഡി.യുടെ പരിശോധന.പി.ഫ്.ഐ. നേതാക്കളുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി പന്ത്രണ്ടോളം ഇടങ്ങളിലാണ് രാവിലെ ആറിനു തുടങ്ങിയ ഇ.ഡി. പരിശോധന തുടരുന്നത്. പി.എഫ്.ഐ. സംസ്ഥാന ഭാരവാഹി അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് ഇ.ഡി. പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.വിദേശത്തുനിന്നടക്കം എത്തിയ പണം, അവയുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിനിയോഗം തുടങ്ങിയവ സംബന്ധിച്ചാണ് ഇ.ഡി. പരിശോധന നടത്തുന്നത്.
ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടില്‍ ഇഡി കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പൊലീസ് സംഘവും ഇവര്‍ക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന. നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങള്‍ ലഭ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: