മുംബൈ: മഹാരാഷ്‌ട്രയില്‍ സ്മാര്‍ട്ട് വൈദ്യുതി മീറ്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും 13,888 കോടിയുടെ കരാര്‍ അദാനി ഗ്രൂപ്പിന്. സര്‍ക്കാര്‍ സ്ഥാപനമായ മഹാരാഷ്‌ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റിഡ് (എംഎസ് ഇഡിസിഎല്‍) ആണ് കരാര്‍ നല്‍കിയിരിക്കുന്നത്.
ഊര്‍ജ്ജരംഗത്ത് നല്ല സാന്നിധ്യമുള്ള ഗ്രൂപ്പാണ് അദാനി ഗ്രൂപ്പ്. മുംബൈയിലെ ബെസ്റ്റ് അണ്ടര്‍ടേക്കിംഗില്‍ നിന്നും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ആയിരം കോടിയുടെ കരാറും അദാനി ഗ്രൂപ്പിന് നേരത്തെ ലഭിച്ചിരുന്നു.
ഇപ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ എംഎസ് ഇഡിസിഎല്‍ രണ്ട് മേഖലയില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ബാണ്ഡൂപ്, കല്യാണ്‍-കൊങ്കണ്‍ മേഖലകളില്‍ 63.44 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളും പൂനെയില്‍ 52.45 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളും സ്ഥാപിക്കാനാണ് കരാര്‍.
സ്മാര്‍ട്ട് മീറ്റര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദാനി കമ്പനിയായ അദാനി എനര്‍ജി സൊലൂഷന്‍സാണ് ഈ കരാര്‍ നടപ്പാക്കുക. നേരത്തെ ഈ കമ്പനി അദാനി ട്രാന്‍സ്മിഷന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഇന്ത്യയില്‍ തന്നെ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അദാനി ഗ്രൂപ്പാണ്. രാജ്യത്ത് സ്ഥാപിക്കാനിരിക്കുന്ന സ്മാര്‍ട്ട് മീറ്ററുകളില്‍ 30 ശതമാനവും സ്ഥാപിക്കാനുള്ള കരാര്‍ അദാനിഗ്രൂപ്പാണ് നേടിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏകദേശം നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ അദാനി ഗ്രൂപ്പ് നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: