വനിതാ സംവരണ ബില്‍ അല്ലെങ്കില്‍ നാരീശക്തി വന്ദന്‍ അധിനിയം ലോക്സഭയിലും രാജ്യസഭയിലും പാസ്സാക്കിയതിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന് മറ്റൊരു പൊന്‍ തൂവല്‍കൂടി ചാര്‍ത്തപ്പെടുകയാണ്. ഭരണഘടനയുടെ 128-ാം ഭേദഗതിയായാണ് ബില്‍ പാസ്സാക്കപ്പട്ടത്. ബില്‍ നിയമമാകുന്നതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് (33%) സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെടും. രാജ്യസഭ ഐക്യകണ്ഠേന ബില്‍ പാസ്സാക്കിയപ്പോള്‍ രണ്ട് അംഗങ്ങള്‍ മാത്രമാണ് ലോക്സഭയില്‍ ബില്ലിനെ എതിര്‍ത്തത്.
പതിറ്റാണ്ടുകളായി ഭാരതത്തിലെ സ്ത്രീ സമൂഹവും സ്ത്രീസംഘടനകളും ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മുന്നോട്ടുവെച്ച ആവശ്യമാണ് പ്രാവര്ത്തികമാക്കപ്പെടാന് പോകുന്നത്. വര്‍ഷങ്ങളായി വനിതാ സംവരണമെന്ന ആശയം ജനമനസ്സുകളിലും അക്കാദമിക ചര്‍ച്ചകളിലും രേഖകളിലും മാത്രം ഒതുങ്ങിക്കിടക്കുകയായിരുന്നു. ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കപ്പെട്ടതിലൂടെ ഭരണഘടനാപരമായി നിലനില്ക്കുന്നതും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതുമായ തരത്തില്‍ സര്‍വ്വസമ്മതമായ നിയമനിര്‍മ്മാണം ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
രാജ്യത്ത് നയ രൂപീകരണത്തിലും തീരുമാനമെടുക്കുന്നതിലും സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. ബില്‍ നിയമമാകുന്നതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ദല്‍ഹി നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെടും. സംവരണത്തിലെ മൂന്നിലൊന്ന് പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്കാണ്. മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയം നടത്തിയതിനുശേഷമാണ് സംവരണം പ്രാബല്യത്തില്‍ വരിക. സംവരണ സീറ്റുകള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മാറുകയും ചെയ്യും.
നിലവിലെ ലോക്സഭയില്‍ 15 ശതമാനവും പല സംസ്ഥാന നിയമസഭകളിലും പത്തു ശതമാനത്തില്‍ താഴെയുമാണ് വനിതാപ്രതിനിധ്യമുള്ളതെന്ന് അറിയുമ്പോഴാണ് ബില്ലിന്റെ പ്രാധാന്യം തിരിച്ചറിയുക. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ബില്ലുമായി മുന്നോട്ടുപോയെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ പാസ്സാക്കാനായിരുന്നില്ല. തുടര്‍ന്നുവന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെങ്കിലും എതിര്‍പ്പിനെതുടര്‍ന്ന് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാനായില്ല. തുടര്‍ന്ന് ഈ ബില്‍ അസാധുവാകുകയായിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പാസ്സാക്കപ്പെടുന്ന പ്രഥമബില്ലായി വനിതാ സംവരണ ബില്‍ മാറിയെന്നത് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടുന്നതാണ്. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിനുള്ള സുപ്രധാനചുവടുവെപ്പായി മാറുകയാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും ആദ്യമായി പാസ്സാക്കപ്പെട്ട വനിതാസംവരണ ബില്ലും. ബില്ലിപ്പോള്‍ തന്നെ നടപ്പാക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ബില്ല് നടപ്പാക്കുന്നതിനുമുമ്പ് മണ്ഡല പുനര്‍നിര്‍ണയം അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഒബിസി വിഭാഗത്തിന് പ്രത്യേകസംവരണമെന്ന ആവശ്യമുന്നയിച്ച് ബില്ലിനെതിരെ കോണ്ഗ്രസ്സുള്പ്പെടെയുള്ളവര് രംഗത്ത് എത്തിയെങ്കിലും ഭരണത്തിലിരിക്കുമ്പോള്‍ ഒബിസി വിഭാഗത്തെക്കുറിച്ച് കോണ്‍ഗ്രസ് വേവലാതിപ്പെടാറില്ലെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ഒറ്റ മറുപടി തന്നെ ധാരാളമാണ്. സംവരണം നല്‍കാതെ തന്നെ ഒബിസി വിഭാഗത്തിന് പാര്‍ലമെന്റില്‍ ആവശ്യമായ പ്രാതിനിധ്യം ബിജെപി നല്‍കുന്നുണ്ടെന്നും ജെ.പി. നദ്ദ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയിലെ ഒബിസി പ്രാതിനിധ്യം എത്രയെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയതുമില്ല.
അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ് ഭരിച്ചിട്ടും രാജ്യത്തിന് ആദ്യ ഒബിസി പ്രധാനമന്ത്രിയെ നല്‍കിയത് ബിജെപിയാണെന്നും ജെ.പി. നദ്ദ രാജ്യസഭയില്‍ വനിതാ സംവരണബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ 303 എംപിമാരില്‍ 85 പേരും 27 മന്ത്രിമാരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതായത് 29 ശതമാനം. ബിജെപിയുടെ 1,358 എംഎല്‍എമാരില്‍ 27 ശതമാനം പേരും 163 എംഎല്‍സിമാരില്‍ 40 ശതമാനം പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ലോക്സഭയില്‍ കോണ്‍ഗ്രസിനുള്ള മൊത്തം അംഗബലത്തേക്കാള്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള എംപിമാര്‍ ബിജെപിക്കുണ്ടെന്നും നദ്ദ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ളവര്‍ ബില്ലില്‍ ഭേദഗതി നിര്‍ദ്ദേശിച്ചെങ്കിലും ഭേദഗതി തള്ളുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ലോക്സഭയില്‍ 454 പേര് ബില്ലിലെ പിന്തുണച്ചു. എഐഎംഐഎമ്മിന്റെ എംപിമാരായ അസദുദ്ദീന്‍ ഉവൈസിയും ഇംതിയാസ് ജലീലും ബില്ലിനെ എതിര്‍ത്തു. രാജ്യസഭയില്‍ ഐക്യകണ്ഠേനയാണ് ബില്‍ പാസ്സായത്. സഭയിലുണ്ടായിരുന്ന 215 പേരും ബില്ലിനെ പിന്തുണച്ചു. ചര്‍ച്ച നിയന്ത്രിക്കുന്നതിനായി രാജ്യസഭയില്‍ വനിതാ എംപിമാര്‍ മാത്രമുള്ള പാനല്‍ രൂപീകരിച്ചാണ് ചെയര്മാന് ജഗ്ദീപ് ധന്‍കര്‍ ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള വാതില്‍ തുറന്നത്.
വനിതാ ശാക്തീകരണം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയല്ല, നയവും നിലപാടുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ബിജെപി സ്വീകരിച്ചുവരുന്ന സമീപനവും ക്ഷേമപദ്ധതികളും ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. രാജ്യത്തിന് ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി സുഷമാ സ്വരാജിനെയും ആദ്യ പ്രതിരോധമന്ത്രിയായി നിര്‍മ്മലാ സീതാരാമനെയും നല്‍കിയത് ബിജെപിയാണ്. മോദി മന്ത്രിസഭയില്‍ നിലവില്‍ കാബിനറ്റ് റാങ്കുള്ള രണ്ട് മന്ത്രിമാരുള്‍പ്പെടെ 11 വനിതാമന്ത്രിമാരുണ്ട്. ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനും വനിതാശിശുക്ഷേമമന്ത്രി സ്മൃതി ഇറാനിയും തങ്ങളെ കൈപിടിച്ചുയര്‍ത്തിയത് ബിജെപിയാണെന്ന് പലതവണ വ്യക്തമാക്കിയതാണ്.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ സ്ത്രീകളുടെ ക്ഷേമം, സുരക്ഷ, തുല്യ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. പിഎം ജന്‍ധന്‍ യോജന വഴി 52 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചപ്പോള്‍ 70% കുടുംബനാഥകളായ വനിതകളുടെ പേരിലായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന, പിഎം ഉജ്ജ്വല യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, മുത്തലാഖ് നിരോധനം എന്നിവയെല്ലാം വനിതകളെ ശക്തിപ്പെടുത്തുകയും അവരുടെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്ത മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികളാണ്. കോടിക്കണക്കിന് വീടുകളില്‍ ശൗചാലയങ്ങള്‍ പണിതു നല്‍കിയും പൈപ്പ് വഴി കുടിവെള്ളം എത്തിച്ചും അമ്മമാരുടെയും സ്ത്രീകളുടെയും അന്തസ്സുയര്‍ത്തുകയും കഷ്ടതകള്‍ക്ക് പരിഹാരം കാണുകയും ചെയ്തു.
ഭാരതത്തിന്റെ ജനാധിപത്യചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലാകുന്ന വനിതാസംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപയുടെ സ്ഥാനത്ത് ഒരു വനിതയാണെന്നതും അഭിമാനമാണ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാകും. ഭാരതത്തിലെ കോടിക്കണക്കിനുവരുന്ന വനിതകളുടെ അഭിമാനം ഉയര്‍ത്തുന്ന മുഹൂര്‍ത്തമാണിത്. സംസ്കൃതിയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍കൊണ്ട് വികസിത രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിലാണ് ഭാരതം, അതേ ഭാരതം അമൃതകാലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: