അത്‌ലറ്റിക്‌സിലെ കുതിപ്പ്, അതായിരുന്നു ഓരോ ഏഷ്യന്‍ ഗെയിംസിലും ഭാരതത്തിന്റെ മെഡല്‍പട്ടികയുടെ ഗ്രാഫ് ഉയര്‍ത്തിയിരുന്നത്. ഇത്തവണ ചൈനീസ് നഗരമായ ഹാങ്‌ചൊവില്‍ അതിനപ്പുറമാണ് പ്രതീക്ഷകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ കായിക സംഘത്തെയാണ് ഈ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഭാരതം അണിനിരത്തുന്നത്.
ഇത്തവണ അത്‌ലറ്റിക്‌സിനു പുറമെ പുരുഷ-വനിതാ ഹോക്കി, ക്രിക്കറ്റ്, ബോക്‌സിങ്, ഭാരോദ്വഹനം, ഗുസ്തി, ബോക്‌സിങ്, അമ്പെയ്‌ത്ത്, ഷൂട്ടിങ്, ബാഡ്മിന്റണ്‍ തുടങ്ങിയവയിലെല്ലാം രാജ്യം കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തെ നമ്മുടെ താരങ്ങള്‍ രാജ്യാന്തര തലത്തിലെ പല മത്സരങ്ങളിലും പ്രകടിപ്പിച്ച മികവു തന്നെയാണ് ഈ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.
ഏഷ്യന്‍ വന്‍കരയുടെ കായികോത്സവത്തിന് ഇന്ന് തിരി തെളിയും. ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഹാങ്‌ചൊവിലാണ് 19-ാമത് ഏഷ്യന്‍ ഗെയിംസിന് അരങ്ങുണരുന്നത്. ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ കൊയ്‌ത്ത് നടത്താനുറച്ച് നാളിതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ സംഘത്തെയാണ് ഭാരതം ഇത്തവണ അയച്ചിരിക്കുന്നത്. മുന്‍ ഗെയിംസുകളിലെല്ലാം അത്‌ലറ്റിക്‌സിലായിരുന്നു ഭാരതം കൂടുതല്‍ മെഡല്‍ നേടിയിരുന്നത്.
40 കായികങ്ങളിലെ 61 വിഭാഗങ്ങളില്‍ 481 സ്വര്‍ണമെഡലുകളാണ് ഹാങ്‌ചൊവില്‍ തീരുമാനിക്കപ്പെടുക. ലോകമെമ്പാടുമുള്ള ആരാധകര്‍ ശ്രദ്ധയോടെ പിന്തുടരുന്ന ലോകോത്തര കായിക താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. തീര്‍ച്ചയായും ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര, ഖത്തറിന്റെ ലോകോത്തര ഹൈജംപ് താരവും ഒളിംപിക്‌സ് സ്വര്‍ണ ജേതാവുമായ ബാര്‍ഷിം മുതാസ്, ജപ്പാനില്‍നിന്നുള്ള വനിതാ ജാവലിന്‍ താരം കിറ്റാഗുച്ചി ഹാറുക, ഹൈജംപിലെ തന്നെ ദക്ഷിണകൊറിയന്‍ താരം വൂ സാങ് ഹിയൂക് തുടങ്ങിയവര്‍ ഈ ഏഷ്യന്‍ ഗെയിംസിലെ നോട്ടപ്പുള്ളികളായിരിക്കും. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ 16 സ്വര്‍ണം, 24 വെള്ളി, 30 വെങ്കലം എന്നിവയോടെ ഭാരതം എട്ടാം സ്ഥാനത്തായിരുന്നു.
2022ലെ ഏഷ്യന്‍ ഗെയിംസാണ് ഇപ്പോള്‍ നടക്കുത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗെയിംസ് മാറ്റിവയ്‌ക്കുകയായിരുന്നു. 38 കായികങ്ങളിലായി 634 അത്‌ലറ്റുകളാണ് ഭാരതത്തെ പ്രതിനിധീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ അത്‌ലറ്റുകള്‍ മത്സരിക്കുന്നത് അത്‌ലറ്റിക്‌സിലാണ്, 65 പര്‍. ഷൂട്ടിങ്ങില്‍ 30 പേരും ഗുസ്തിയില്‍ 18പേരും അമ്പെയ്‌ത്തില്‍ 16 പേരും ബാഡ്മിന്റണില്‍ 19 പേരും നീന്തലില്‍ 20 പേരും ബോക്‌സിങ്ങില്‍ 13 പേരും ചെസില്‍ 10 പേരും കനോയിങ് കയാക്കിങ്ങില്‍ 17 പേരും റോവിങ്ങില്‍ 33 പേരും സെയ്‌ലിങ്ങില്‍ 16 പേരും ടേബിള്‍ ടെന്നീസില്‍ 10 പേരും ഭാരതത്തിനായി അണിനിരക്കും.
അത്‌ലറ്റിക്‌സിലാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. നീരജ് ചോപ്ര, ജിന്‍സണ്‍ ജോണ്‍സണ്‍, അവിനാഷ് സബ്‌ലേ, മുഹമ്മദ് അനസ് യഹിയ, തജീന്ദര്‍പാല്‍ സിങ്, എം. ശ്രീശങ്കര്‍, ജസ്വിന്‍ ആള്‍ഡ്രിന്‍, അബ്ദുള്ള അബൂബക്കര്‍, പ്രവീണ്‍ ചിത്രവേല്‍, കിഷോര്‍ ജെന, ജ്യോതി യരാജി, വിദ്യ രാംരാജ്, പാരുള്‍ ചൗധരി, ഹര്‍മിലന്‍ ബെയിന്‍സ്, അനു റാണി, ഷൈലി സിങ്, ആന്‍സി സോജന്‍, സ്വപ്‌ന ബര്‍മന്‍ തുടങ്ങിയവരെല്ലം രാജ്യത്തിന്റെ മെഡല്‍ സ്വപ്‌നം പൂവണിയി്ക്കാന്‍ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങും. പുരുഷ-വനിതാ 4-400 മീറ്റര്‍ റിലേ, മിക്‌സഡ് റിലേ എന്നിവയും രാജ്യത്തിന്റെ ഉറച്ച പ്രതീക്ഷകളാണ്.
അമ്പെയ്‌ത്തില്‍ വനിതാ ലോക ചാമ്പ്യന്‍ അദിതി സ്വാമി, ജ്യോതി സുരേഖ, പുരുഷന്മാരില്‍ അഭിഷേക് വര്‍മ, രജത് ചൗഹാന്‍ തുടങ്ങിയവര്‍ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.
ബാഡ്മിന്റണില്‍ ഇന്തോനേഷ്യ, ചൈന, ജപ്പാന്‍ ടീമുകളുടെ കനത്ത വെല്ലുവിളി ഇന്ത്യന്‍ താരങ്ങള്‍ അതിജീവിക്കേണ്ടിവരും. എന്നാല്‍ മലയാളി താരം എച്ച്.എസ്. പ്രണോയി, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ ഏതെങ്കിലും മെഡലുകള്‍ നേടുമെന്നു പ്രതീക്ഷിക്കാം. ഡബിള്‍സില്‍ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം മെഡല്‍ പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. ഫെന്‍സിങ്ങില്‍ ഭവാനി ദേവിയും ജിംനാസ്റ്റിക്കില്‍ പ്രണതി നായകും മെഡല്‍ പ്രതീക്ഷകളാണ്.
ബോക്‌സിങ്ങാണ് ഇന്ത്യ മെഡലുകള്‍ പ്രതീക്ഷിക്കുന്ന ഒരിനം. നിഖാത് സരിന്‍, ലവ്‌ലിന ബോറോഹെയ്ന്‍, പര്‍വീണ്‍ ഹൂഡ, ജയ്‌സ്മിന്‍ ലംബോറിയ എന്നിവര്‍ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.
അത്‌ലറ്റിക്‌സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന ഇനം ഷൂട്ടിങാണ്. ദിവ്യാന്‍ഷ് പന്‍വര്‍, മെഹുലി ഘോഷ്, മനു ഭക്കര്‍, സോരവര്‍ സന്ധു എന്നിവരിലാണ് മെഡല്‍ പ്രതീക്ഷകള്‍. ഭാരോദ്വഹനത്തില്‍ ഒളിംപിക്‌സ് മെഡല്‍ ജേതാവ് മീരബായി ചാനു, ബിന്ധ്യാറാണി ദേവി എന്നിവരിലാണ് പ്രതീക്ഷ. ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയ, ദീപക് പൂനിയ, സുമിത് മാലിക്, പൂജാ ഗഹ്‌ലോട്ട്, സോനം മാലിക്, കിരണ്‍ ബിഷ്‌ണോയ് എന്നിവരും മെഡല്‍ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: