സംതൃപ്തിയും സന്തോഷവും ഇടയില്‍ ചില വേദനകളുമാണ് കളിക്കളം തരുന്നത് എന്നാണ് എന്റെ അനുഭവം. കായികലോകം അങ്ങനെയാണല്ലോ. നൂറു ശതമാനം സംതൃപ്തി ആര്‍ക്കും കൊടുക്കാറില്ല. അനിശ്ചിതത്വം കൂടെത്തന്നെയുണ്ടാകും. വേദനകള്‍ വ്യക്തിജീവിതത്തിന്റെയും ഭാഗമാണല്ലോ. എങ്കിലും ഓര്‍മകളിലൂടെ സഞ്ചരിച്ചാല്‍ മുന്‍തൂക്കം സംതൃപ്തിക്കുതന്നെയാണ്. ഒളിംപിക്സ് ഒഴികെ, പങ്കെടുത്ത എല്ലാ മല്‍സരങ്ങളിലും ആദ്യ അവസരത്തില്‍ത്തന്നെ മെഡലണിയാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായിട്ടാണു തോന്നുന്നത്. സ്‌കൂള്‍കായികമേള മുതല്‍ ലോക അത്ലറ്റിക്സ് ഫൈനല്‍(ഇന്നത്തെ ഡയമണ്ട് ലീഗ്) വരെ അതു തുടര്‍ന്നു. അതിനിടയില്‍ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാംപ്യന്‍ഷിപ്പിലും സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുകയും ചെയ്തു. ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കലവും. കൈവിട്ടുപോയത് ഒളിംപിക്സ് മാത്രം. പൂര്‍ണമായും കൈവിട്ടു എന്നു പറയാനുമാവില്ല. എന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം (6.83 മീ) പിറന്നത് ഒളിംപിക്സിന്റെ പിറ്റിലാണെന്നത് ആശ്വാസം പകരാറുണ്ട്. പക്ഷേ, മെഡലിനു പകരമാവില്ലല്ലോ അത്.
ലോക അത്ലറ്റിക് ഫൈനലിലേയും കോമണ്‍വെല്‍ത്ത് ഗെയിംസിലേയും ഏഷ്യന്‍ ഗെയിംസിലേയും ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റിലേയും സ്വര്‍ണമെഡലുകളും ലോക ചാംപ്യന്‍ഷിപ്പിലെ വെങ്കലവും തൂങ്ങിനില്‍ക്കുന്ന ശേഖരത്തില്‍ ഒളിംപിക് മെഡലിന്റെ കുറവ് എന്നും എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കും. മൂല്യം നോക്കിയാല്‍ ഒളിംപിക്സിന് ഒപ്പം നില്‍ക്കും ലോക ചാംപ്യന്‍ഷിപ്പും ലോക അത്ലറ്റിക്സ് ഫൈനലും. പക്ഷേ, ഒളിംപിക് മെഡലിന്റെ ഗ്ളാമര്‍ മറ്റൊന്നിനും കിട്ടില്ലല്ലോ.
പഠിക്കുന്ന കാലത്തെ പരിശീലനത്തിനിടെ കാല്‍ക്കുഴയിലേറ്റ പരുക്ക്, കുസൃതിക്കാരിയായ കൂട്ടുകാരിയേപ്പോലെ കളിക്കളത്തിലുടനീളം ഒപ്പമുണ്ടായിരുന്നു. അവളോടുംകൂടിയുള്ള മല്‍സരമായിരുന്നു എന്റെ കായിക ജീവിതം. ചില നിര്‍ണായക ഘട്ടങ്ങളില്‍ കക്ഷി പിണങ്ങും. പിന്നെ കാര്യങ്ങളാകെ അവതാളത്തിലാകും. സിഡ്നി 2000 ഒളിംപിക്സിലേയ്‌ക്കുള്ള ഒരുക്കത്തിനിടെ അതുതന്നെ സംഭവിച്ചു. ടീമിലേയ്‌ക്കുള്ള വാതില്‍ അതോടെ അടയുകയും ചെയ്തു. ആ നഷ്ടം മനസ്സില്‍ പോറലായി കിടക്കുന്നുമുണ്ട്. 2004 ആതന്‍സ് ഒളിംപിക്സില്‍ പനിയാണ് ആ ജോലി ഏറ്റെടുത്തത്. സാധാരണഗതിയില്‍ ആരും മല്‍സരത്തിന് ഇറങ്ങാന്‍ മടിക്കുന്നത്ര കടുത്ത പനിയുമായാണ് ഞാന്‍ ഫീല്‍ഡിലേയ്‌ക്കു പോയത്. ഒളിംപിക് വേദിയിലെ ജംപിങ് പിറ്റ് വല്ലാത്തൊരു ആവേശമായി മനസ്സിലേയ്‌ക്കു കയറിയിരുന്നു. അത്തരം ആവേശത്തെ ഒരു രോഗത്തിനും തടയാനായെന്നു വരില്ല. അങ്ങനെയാണ് അവിടെ ലൈഫ് ബെസ്റ്റ് പ്രകടനം നടത്താന്‍ കഴിഞ്ഞത്. പക്ഷേ, ഒരു പടി അകലത്തില്‍ മെഡല്‍ പൊയ്‌പ്പോയി. കായികമല്‍സരത്തിന്റെ പൊതു സ്വഭാവമാണത്. എത്ര ഒരുങ്ങിയാലും എത്ര ആഗ്രഹിച്ചാലും അന്നന്നത്തെ സാഹചര്യങ്ങളും ഫോമുമാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ആരൊക്കെ കൂടെയുണ്ടെങ്കിലും നമ്മള്‍ ഒറ്റപ്പെട്ടുപോകുന്ന അവസരമാണത്. പ്രോല്‍സാഹന്നം നല്‍കാനേ കാണികള്‍ക്കു കഴിയൂ. കോച്ചിനാണെങ്കിലും നിര്‍ദേശങ്ങള്‍ തരാനല്ലേ പറ്റൂ. പോരാടേണ്ടത് നമ്മള്‍ തന്നെയാണ്. മനസ്സും ശരീരവും കരുത്തും പരിശീലനങ്ങളുടെ ആകെത്തുകയും ഒരേ ബിന്ദുവില്‍ സംഗമിക്കണം. അപ്പോഴും ഭാഗ്യം എന്നൊരു ഘടകം പിടിതരാതെ വഴുതിനടക്കുന്നുണ്ടാകും. ഓരോ പോരാട്ടവും വല്ലാത്ത അനുഭവമാണ് തരുന്നത്. സമ്മര്‍ദം മനസ്സില്‍ ടണ്‍കണക്കിനു ഭാരം നിറയ്‌ക്കും. സമ്മര്‍ദം.. നിമിഷങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ ദൈര്‍ഘ്യമുണ്ടെന്നു തോന്നും. അത്ലിറ്റിന്റെ മനസ്സംഘര്‍ഷം അത്ലിറ്റുകള്‍ക്കേ മനസ്സിലാകൂ. അത്തരം അനുഭവങ്ങളില്‍ നിന്നാണ് മെഡലുകളും യഥാര്‍ഥ താരവും പിറക്കുന്നത്. ഈ തിരിച്ചാറിവും പോരാട്ട വീര്യവും എന്നും മനസില്‍ സൂക്ഷിക്കണമെന്ന് ഇന്നിന്റെ താരനിരയെ ഓര്‍മിപ്പിക്കട്ടെ.
ലോക അത്ലറ്റിക്സ് ഫൈനലില്‍(മോണ്‍ടെ കാര്‍ലോ, 2005) രണ്ടാം സ്ഥാനക്കാരിയായി വിധിയെഴുതപ്പെട്ട എനിക്ക് സ്വര്‍ണം പതിച്ചു കിട്ടിയത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഒന്നാം സ്ഥാനക്കാരി റഷ്യയുടെ തത്യാന കൊടോവ, ഉത്തേജകത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോള്‍ എന്റെ വെള്ളി സ്വര്‍ണമായി. വൈകിവന്നതിനാല്‍ ആ അംഗീകാരത്തിനും വേണ്ടത്ര ഗ്ലാമര്‍ കിട്ടാതെപോയി. സത്യത്തില്‍ എനിക്കായി വിധി കരുതിവച്ചിരുന്നതായിരുന്നു ആ സ്വര്‍ണം. മല്‍സര സമയത്തുതന്നെ കിട്ടേണ്ടതായിരുന്നു അത്. പക്ഷേ, എന്റെ മികച്ച ചാട്ടം എന്തുകൊണ്ടോ അളക്കാതെ പോയി. പരാതിപ്പെട്ടപ്പോള്‍ പരിഹാരമായി ഒരു ജംപ് കൂടി അനുവദിച്ചുതന്നു. ഒന്നു പോലെയാവില്ലല്ലോ മറ്റൊന്ന്. മികച്ച ജംപ് അതേപോലെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ രണ്ടാം സ്ഥാനത്തായിപ്പോയി. ആ സ്വര്‍ണമാണ് കാലം തിരിച്ചു തന്നത് എന്നു വിശ്വസിക്കാം.
മല്‍സരാനന്തരമുള്ള ജീവിതം കൂടുതല്‍ സംതൃപ്തിയാണു തരുന്നത്. സ്വന്തം അത്ലറ്റിക് അക്കാദമി വഴിയും കായിക സംഘടനാ ചുമതലക്കാരി എന്ന നിലയിലും വരും തലമുറകള്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്. എന്റെ അനുഭവപരിചയത്തില്‍നിന്ന് അവര്‍ക്കു പലതും നല്‍കാന്‍ കഴിയും. അതിലേറെ സന്തോഷം തോന്നുന്ന കാര്യമാണ് രാജ്യാന്തര കായിക രംഗത്ത് ഇന്ത്യ ആര്‍ജിച്ച മികവ്. ഏഷ്യന്‍ നിലവാരത്തില്‍ നിന്നുകൊണ്ട് ലോക നിലവാരത്തിലേയ്‌ക്കു കടക്കാന്‍ വെമ്പിയിരുന്ന ഇന്ത്യ ഇന്ന് പലയിനങ്ങളിലും ലോകനിലവാരത്തില്‍ത്തന്നെ എത്തിനില്‍ക്കുന്നു. നീരജ് ചോപ്രയേപ്പോലുള്ളവര്‍ തുടര്‍ച്ചയായി എത്തിപ്പിടിക്കുന്ന നേട്ടങ്ങള്‍ ആ വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ തരംഗം മൊത്തം കായിക രംഗത്തിന് ആത്മവിശ്വാസം നല്‍കും. സ്വപ്നം കണ്ടിരുന്ന തലത്തിലേയ്‌ക്ക് ഇന്ത്യ ഉയരുന്നു എന്ന യാഥാര്‍ഥ്യമാണ് എന്നേപ്പോലുള്ളവര്‍ക്ക് ഇന്ന് ഏറ്റവും സംതൃപ്തി പകരുന്നത്. ആ ഉയര്‍ച്ചയിലെ ഒരു നാഴികാക്കല്ലാണ് ചൈനയിലെ ഈ ഏഷ്യന്‍ ഗെയിംസ്. പുതിയ ഉണര്‍വും ഉത്തേജനവുമായി അവിടെ പോരാട്ടത്തിനിറങ്ങുന്ന എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: