ഹാങ്‌ചോ: വര്‍ണ്ണവെളിച്ചത്താല്‍ ഹാങ്‌ചോ നഗര പരിസരത്തിന് സ്വര്‍ഗീയാനുഭൂതി പകരുന്ന ചാരുതയോടെ 19-ാം ഏഷ്യന്‍ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. ഗെയിംസിന്റെ ഭാഗമാകുന്ന 45 രാജ്യങ്ങളെയും പ്രതിനിധാനം ചെയ്ത സംഘങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ലോട്ടസ് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതോടെ ഹാങ്‌ചോ നഗരം അക്ഷരാര്‍ത്ഥത്തില്‍ സന്ധ്യകഴിഞ്ഞും വര്‍ണം വിതറുന്ന പകലായി നിലനിന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പരിസ്ഥിതി സൗഹാര്‍ദ സാങ്കേതിക വിദ്യയിലൂടെയുമാണ് ഉദ്ഘാടന ചടങ്ങുകള്‍ ഗംഭീരമാക്കിയത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആദ്യമായി ഗെയിംസ് ദീപം തെളിയിക്കുന്നതിന് കായിക താരങ്ങളും വിവിധ ലോക നേതാക്കളും സാങ്കേതിക വിദഗ്ധരും കലാപ്രവര്‍ത്തകരും അടക്കം പതിനായിരങ്ങള്‍ സാക്ഷിയായി.
ചൈനയുടെ സാംസ്‌കാരിക ചരിത്രവും വന്‍കരയുടെ ഐക്യവും വിളിച്ചോതുന്ന ഉദ്ഘാടന ചടങ്ങില്‍ മിന്നും പ്രകടനമായി ഭാരതീയ സാന്നിധ്യവും ഉണ്ടായിരുന്നു. ഏഷ്യയിലെ വേലിയേറ്റങ്ങള്‍ കുതിച്ചുയരുന്നു എന്ന ആശയത്തെ അര്‍ത്ഥവത്താക്കുന്ന തരത്തിലായിരുന്നു കലാപ്രകടനങ്ങള്‍ ഒരുക്കിയിരുന്നത്. ചൈനയെയും ഏഷ്യയെയും ലോകത്തെയും പുതിയ കാലഘട്ടത്തില്‍ ഇഴചേര്‍ക്കുന്ന പ്രകടനത്തില്‍ ഏഷ്യന്‍ ജനതയുടെ സൗഹൃദത്തെയും സ്‌നേഹത്തെയും ഐക്യത്തെയും വിളിച്ചോതുകയും ചെയ്തു. ഹാങ്‌ചോയിലൂടെ കടന്നുപോകുന്ന ക്വിയാങ്ടാങ് നദിയെയും ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനത്തിന്റെ ഭാഗമാക്കി. മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും വനിതാ ബോക്‌സര്‍ ലൗലീന ബോര്‍ഗോഹെയ്‌നും ഭാരതത്തിന്റെ ദേശീയ പതാകയേന്തി.
45 രാജ്യങ്ങളില്‍ നിന്നുള്ള 12,000 താരങ്ങള്‍ക്ക് എട്ട് വരെ ഉന്നത മെഡല്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഗെയിംസ് ഒരുക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പ്രഖ്യാപിച്ചു. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ(ഒസിഎ) ആക്ടിങ് പ്രസിഡന്റ് രണ്‍ദീര്‍ സിങ്, രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) തലവന്‍ തോമസ് ബാക്ക്, വിവിധ രാഷ്‌ട്ര തലവന്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഒളിംപിക് കമ്മറ്റി അധ്യക്ഷന്‍മാര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗവാക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: