ന്യൂയോര്‍ക്ക്: വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ക്വാഡ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. യുഎന്‍ പൊതുസഭയുടെ 78-ാമത് സമ്മേളനത്തില്‍ ഉന്നതതല ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുകയാണ് മന്ത്രി. ക്വാഡ് വിദേശമന്ത്രിമാരുമായുളള കൂടിക്കാഴ്ചയില്‍, ഇന്തോ-പസഫിക്കിലെ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം സംരക്ഷിക്കുന്നതിനെക്കുറിച്ചും ക്വാഡ് പ്രതിബദ്ധതതകളെ കുറിച്ചും ചര്‍ച്ച ചെയ്തതായി സാമൂഹ്യ മാധ്യമത്തിലൂടെ ഡോ .ജയശങ്കര്‍ അറിയിച്ചു.
ജപ്പാന് വിദേശകാര്യ മന്ത്രി യോക്കോ കാമികാവയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്തു. പ്രാദേശികവും ബഹുമുഖവും ആഗോളവുമായ സഹകരണത്തെ കുറിച്ചും അവയെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ചര്‍ച്ച ഉണ്ടായി.
സെപ്തംബര്‍ 26 വരെ നീണ്ടു നില്ക്കുന്ന അഞ്ച് ദിവസത്തെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി വിവിധ ബഹുരാഷ്ട്ര, ഉഭയകക്ഷി യോഗങ്ങളില്‍ പങ്കെടുക്കും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ പൊതുസഭയുടെ 78-ാമത് സെഷന് പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 26ന് പൊതുസഭയുടെ ഉന്നതതല സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍, ഡോ ജയശങ്കര്‍ യുഎസ് നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ക്കായി 27 മുതല്‍ 30 വരെ വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന നാലാമത് ലോക സാംസ്കാരികോത്സവത്തിലും അദ്ദേഹം പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: