കോഴിക്കോട്: നിപ വൈറസ് വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ എ.ഗീത ഉത്തരവിട്ടു.
ഒരാഴ്ചയായി വിദ്യാലയങ്ങളില്‍ ഓണ്‍ലൈണ്‍ പഠനം ഏര്‍പ്പെടുത്തിയിരുന്നു.
നിയന്ത്രിത മേഖലകളിലെ വിദ്യാലയങ്ങളില്‍ നിയന്ത്രണം പിന്‍വലിക്കുന്നതുവരെ അധ്യയനം ഓണ്‍ലൈനില്‍ തുടരണമെന്നും ഉത്തരവിലുണ്ട്.
വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സ്കൂളുകളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസര്‍ വെക്കണം.
സംസ്ഥാനത്ത് ഇന്നും നിപ പോസിറ്റീവ് കേസുകള്‍ ഇല്ല. കഴിഞ്ഞദിവസം വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചിരുന്നു. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: