ന്യൂദല്‍ഹി: സൈബര്‍ ഭീകരതയും കള്ളപ്പണം വെളുപ്പിക്കലും നേരിടാന്‍ ആഗോള നിയമ ചട്ടക്കൂട് സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈബര്‍ ഭീകരതയായാലും കള്ളപ്പണം വെളുപ്പിക്കലായാലും നിര്‍മ്മിത ബുദ്ധിയായാലും അതിന്റെ ദുരുപയോഗം ആയാലും ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലോകത്തിന് ഒരു ആഗോള ചട്ടക്കൂട് ആവശ്യമാണെന്ന് ദ്വിദിന അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒരു സര്‍ക്കാരിനല്ല ഇത് ചെയ്യാന്‍ കഴിയുകയെന്നും വിവിധ രാജ്യങ്ങളുടെ നിയമ ചട്ടക്കൂടുകളാണ് ഒരുമിച്ച് ചേരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീഷണികള്‍ ആഗോളമാകുമ്പോള്‍ അതിനെ നേരിടാനുള്ള മാര്‍ഗവും ആഗോളമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈയിടെ പാര്‍ലമെന്റില്‍ പാസാക്കിയ വനിതാ സംവരണ ബില്ല് 2023-നെ കുറിച്ച് സംസാരിക്കവെ ഇന്ത്യ ചരിത്രപരമായ നിരവധി ചുവടുവയ്പുകള്‍ കൈക്കൊള്ളുന്ന കാലഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നാരിശക്തി വന്ദന്‍ നിയമം ഇന്ത്യയിലെ സ്ത്രീകളുടെ വികസനത്തിന് പുതിയ ദിശയും പുതിയ ഊര്‍ജ്ജവും നല്‍കുമെന്ന് മോദി പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാഷ്ട്രമായി ഭാരതം മാറിയതും മോദി ചൂണ്ടിക്കാട്ടി. 2047-ഓടെ ഒരു വികസിത രാഷ്ട്രമായി മാറാനുള്ള ശ്രമത്തിലാണ് ഭാരതമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നിഷ്പക്ഷവും സ്വതന്ത്രവും ശക്തവുമായ ജുഡീഷ്യറി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ നിയമവിദഗ്ധരുടെ അനുഭവപരിചയം ഉണ്ടായിരുന്നെന്ന് മോദി പറഞ്ഞു. വര്‍ഷങ്ങളായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സംരക്ഷകരാണ് ജുഡീഷ്യറിയും അഭിഭാഷകരും എന്നും അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യത്തെയും കെട്ടിപ്പടുക്കുന്നതില്‍ നിയമ സംവിധാനം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിനും മാര്‍ഗനിര്‍ദേശത്തിനു കീഴിലും വാണിജ്യം സുഗമമാക്കുന്നതിനും കരാര്‍ നടപ്പാക്കലും വാണിജ്യ തര്‍ക്ക പരിഹാരവും ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്രനിയമമന്ത്രി അര്ജുന് മെഹ്ഗ്വാള് പറഞ്ഞു.
നീതിന്യായ വിതരണ സംവിധാനത്തിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ആദ്യമായി സമ്മേളനം സംഘടിപ്പിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള ഒരു വേദിയായി പ്രവര്‍ത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണവും നിയമപ്രശ്നങ്ങളെക്കുറിച്ചുള്ള ധാരണയും ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. നിയമത്തിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍, അതിര്‍ത്തി കടന്നുള്ള വ്യവഹാരങ്ങളിലെ വെല്ലുവിളികള്‍, നിയമ സാങ്കേതികവിദ്യ, പരിസ്ഥിതി നിയമം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: