തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളന്മാര്‍ ഇ.ഡിയെ പേടിച്ച് നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുന്‍മന്ത്രിയടക്കം ഭയക്കുന്നത് എന്തിനാണെന്നും മുരളീധരന്‍ ചോദിച്ചു. പാവപ്പെട്ടവന്റെ ജീവിത സമ്പാദ്യം കൊള്ളയടിച്ചവരെ വെറുതേ വിടില്ലെന്നും അദ്ദഹം തിരുവനന്തപുരത്ത് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കേന്ദ്ര വേട്ടയാണെന്ന ആരോപണം നാലായി മടക്കി പോക്കറ്റിലിടുക. ഒരാൾക്ക് എതിരെയും കള്ളക്കേസ് എടുത്തിട്ടില്ല. തെളിവ് കിട്ടിയതിന് ശേഷം അറസ്റ്റ് ചെയ്യുന്നവരാണ് ഇ.ഡി. എ.സി മൊയ്തീൻ എന്തിനാണ് ഒളിച്ചു നടക്കുന്നതെന്നും വി മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഒഴിഞ്ഞുനടക്കുന്നത്. എ.സി മൊയ്തീന് കോടതിയിൽ പോകാൻ ധൈര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഇ.ഡി തല്ലിയെന്നും വിരട്ടിയെന്നും പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കേരള പോലീസിന്റെ ഇരുട്ടറ ചോദ്യംചെയ്യലല്ല എന്‍ഫോഴ്‌സ്‌മെന്റില്‍ നടക്കുന്നത്. തല്ലിയെങ്കില്‍ തെളിവ് ഹാജരാക്കട്ടെ. ‘കേന്ദ്രവേട്ട’ എന്നത് സ്ഥിരം ക്യാപ്‌സൂള്‍ ആയെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി അത് മാറ്റിപിടിക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയോട് മാത്രമല്ല പാർട്ടി സെക്രട്ടറിയോടും ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് മടിയാണ്. എന്നാൽ ഇഡി പേടിച്ചോടും എന്ന് വിചാരിക്കരുത്.
കരുവന്നൂരില്‍ കോണ്‍ഗ്രസ് മിണ്ടുന്നില്ലന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കരുവന്നൂരിലും അയ്യന്തോളിലും നടന്ന തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടാകും. കോണ്‍ഗ്രസിന്റെ മുന്‍സഹകരണമന്ത്രിയടക്കം ആരോപണനിഴലിലാണ്. അതുകൊണ്ടാണ് പ്രതിപക്ഷം വാ തുറക്കാത്തതെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി. കരുവന്നൂരിലും മാസപ്പടിയിലുമെല്ലാം സഹകരണാത്മക ഭരണപ്രതിപക്ഷമായാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യ കൊള്ളയാണ് ഇതിലെല്ലാം കാണുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: