Categories: Kerala

തൃശൂർ ജില്ലയിൽ വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്; അധ്യാപികയുടെ വേതന സർട്ടിഫിക്ക് ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടി, കോൺഗ്രസ് നേതാവ് മുങ്ങി

സഹകരണ ബാങ്കിലെ ഭരണ സമിതി സെക്രട്ടറിയും കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ വി.ആർ സജിത്തിനെതിരാണ് പരാതി

Published by

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ശേഷം ജില്ലയിൽ വീണ്ടും തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസിന്റെ പൂർണ നിയന്ത്രണത്തിലുള്ള കുന്നംകുളം കാട്ടാക്കാമ്പാൽ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. സഹകരണ ബാങ്കിലെ ഭരണ സമിതി സെക്രട്ടറിയും കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ വി.ആർ സജിത്തിനെതിരാണ് പരാതി ഉയർന്നിരിക്കുന്നത്.

ഒൻപതു ലക്ഷം രൂപാ വായ്പാ കുടിശിക ഉണ്ടെന്ന് കാട്ടി അങ്കണവാടി അധ്യാപികയായ പ്രമീള സുകുമാരന് നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
പത്തുവർഷക്കാലമായി സഹകരണ ബാങ്കിൽ നിന്നും വായ്പ ഒന്നും പ്രമീള എടുത്തിരുന്നില്ല. നോട്ടീസ് കിട്ടിയതിനെ തുടർന്ന് ബാങ്കിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇവരുടെ പേരിൽ തട്ടിപ്പു നടന്നതായി അറിയുന്നത്. അങ്കണവാടിയ്‌ക്ക് ഭൂമി വാങ്ങുന്നതിനായി വായ്പ എടുക്കാൻവേണ്ടി പ്രമീള വേതന രേഖ ബാങ്കിൽ നൽകിയിരുന്നു. വായ്പ കിട്ടില്ലെന്ന്‌ ബാങ്കിൽ നിന്നും അറിയിച്ചെങ്കിലും വേതന രേഖ തിരികെ നൽകിയിരുന്നില്ല. അധ്യാപികയുടെ വേതന രേഖ ഉപയോഗിച്ച് സജിത്ത് വലിയ തുക ബാങ്കിൽ നിന്നും വായ്പ എടുക്കുകയായിരുന്നു.

അങ്കണവാടിയിൽ നിന്നും ലഭിക്കുന്ന ശമ്പളം മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇത്രയും തുക തിരികെ അടയ്‌ക്കാൻ പ്രമീളയ്‌ക്കു കഴിയില്ല. സജിത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രമീള അറിയിച്ചു. സജിത്തിനെതിരെ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ പരാതി ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് കേസെടുത്തു. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗം കൂടിയായ സജിത്ത് പരാതി ഉയർന്നതിനെ തുടർന്നിപ്പോൾ ഒളിവിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by