ന്യൂഡൽഹി: ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക വർദ്ധിപ്പിച്ച് റെയിൽവേ മന്ത്രാലയം. നിലവിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് 50,000 രൂപയായിരുന്നു നൽകിയിരുന്നത്. അത് അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുകയാണെങ്കിൽ 2.5 ലക്ഷം രൂപ നൽകും. നിലവിൽ 25,000 രൂപയായിരുന്നു നൽകിയിരുന്നത്. നിസാര പരിക്ക് സംഭവിക്കുന്നവർക്ക് നൽകുന്ന തുക 5,000-ൽ നിന്നും 25,000-ലേക്ക് വർദ്ധിപ്പിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളിൽ (അതായത് ഭീകരാക്രമണം, സഹയാത്രികരിൽ നിന്നുമുണ്ടാകുന്ന ആക്രമണം, മോഷണ ശ്രമം) മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 1.5 ലക്ഷം രൂപ നൽകും. ഗുരുതരപരിക്ക് സംഭവിക്കുകയാണെങ്കിൽ 50,000 രൂപയിും നിസാര പരിക്കുകളാണെങ്കിൽ 5,000 രൂപയുമാണ് ലഭിക്കുക. മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഉടൻ തന്നെ 50,000 രൂപ പണമായി നൽകുകയും ബാക്കി തുക അക്കൗണ്ട് മുഖേനയുമാകും നൽകുക.
ട്രെയിൻ അപകടത്തെ തുടർന്ന് ചികിത്സയുടെ ഭാഗമായി 30 ദിവസത്തിൽ അധികം ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ പ്രതിദിനം 3,000 രൂപ നൽകും.ജോലിക്കിടെ റെയിൽവേ ജീവനക്കാർ ട്രെയിനിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താലും നഷ്ടപരിഹാരത്തുക ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: