ബെംഗളൂരു: കാവേരി നദീജല വിഷയത്തില്‍ തമിഴ്നാടിന് 5,000 ഘനയടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ കര്‍ഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും കര്‍ണാടക സര്‍ക്കാരിന്റെ ജലം വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് മാണ്ഡ്യയില്‍ ബന്ദ് പ്രഖ്യാപിച്ചു.
ബന്ദിന്റെ കൂടിയാലോചനകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ യോഗവും ചേര്‍ന്നു.
മാണ്ഡ്യയിലെ സമരത്തില്‍ ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മലാനന്ദ സ്വാമി, മണ്ഡ്യ എം.പി സുമലതയുടെ മകന് അഭിഷേക് അംബരീഷ് തുടങ്ങിയവരും പങ്കെടുത്തേക്കും. മാണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ട് നേരിട്ടേക്കാനുള്ള സാധ്യതയുമുണ്ട്. ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബെംഗളൂരുവില്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിലാണ് കൂടുതലായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. നഗരത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കണമെന്നും തമിഴ് ജനത കൂടുതലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നുമാണ് നിര്‍ദേശം. നഗരത്തിലെ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബി. ദയാനന്ദ പറഞ്ഞു. മാണ്ഡ്യ വഴി പോകുന്ന ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മാണ്ഡ്യയിലെ മലവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയായിരുന്നു. കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളില്‍ ബെംഗളൂരുവിലുള്ളവര്‍ വിട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധത്തിന്റെ വ്യാപ്തി അവര്‍ തിരിച്ചറിയുന്നതിനാണ് ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ടി.കെ. ഹള്ളിയിലും പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതിനിടെ, കാവേരി നദീ ജല വിഷയത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മാണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതിയും ജില്ലയില്‍ ബന്ദ് ശക്തമാക്കുമെന്ന് പറഞ്ഞു.
വെള്ളിയാഴ്ച ബെംഗളൂരുവിലെ കെ.ആര്. പുരത്ത് ഉള്‍പ്പെടെ പ്രതിഷേധ പരിപാടി നടന്നിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കര്‍ഷക സംഘടനകളും കന്നട സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കുനേരെ കല്ലേറ് ഉള്‍പ്പെടെ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗര്‍, രാമനഗര്‍ തുടങ്ങിയ ഇടങ്ങളിലുണ്ടായ പ്രതിഷേധം ചിത്രദുര്‍ഗ, ബെല്ലാരി, ദാവന്‍ഗെര, കൊപ്പാല്‍, വിജയപുര തുടങ്ങിയ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: