തിരുവനന്തപുരം: മലയാള സിനിമാ നടന്മാരുടെ കാരണവര്‍ സ്ഥാനത്ത് തുടരുന്ന നടന് മധുവിന് ഇന്ന് നവതി ആഘോഷം. നാനൂറോളം സിനിമകളില്‍ അഭിനയിച്ച നടന്, സംവിധായകന്, നിര്‍മാതാവ്, ഫിലിം സ്റ്റുഡിയോ ഉടമ എന്നീ നിലകളിലും അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ചു. 12 സിനിമകള്‍ സംവിധാനം ചെയ്യുകയും 15 സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത മാധവന്‍നായര്‍ എന്ന മധു ഉമ ഫിലിം സ്റ്റുഡിയോ ഉടമയുമായിരുന്നു. 2013ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. മധു അഭിനയിച്ച ചെമ്മീന്‍ 1965ല്‍ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയിരുന്നു.
തിരുവനന്തപുരം മുന്‍ മേയര്‍ പദ്മനാഭപുരം തക്കല സ്വദേശി ആര്. പരമേശ്വരന്‍പിള്ളയുടെയും വീട്ടമ്മയായ തങ്കമ്മയുടെയും മകനായി 1933 സപ്തം. 23നാണ് തിരുവിതാംകൂറിലെ ഗൗരീശപട്ടത്ത് ജനിച്ചത്. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. എസ്ടി ഹിന്ദു കോളജിലും നാഗര്‍കോവില്‍ ക്രിസ്ത്യന്‍ കോളജിലും അധ്യാപകനായി. ഇതിനിടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. രാമുകാര്യാട്ടുമായുള്ള പരിചയം സിനിമയിലേക്ക് വഴിതുറന്നു. 1963ല്‍ എന്‍.എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തില്‍ സൈനികനായി അരങ്ങേറ്റം. തുടര്‍ന്ന് രാമുകാര്യാട്ടിന്റെ മൂടുപടം, ചെമ്മീന്‍, ഭാര്‍ഗവീനിലയം, സ്വയംവരം, തുടങ്ങി നാന്നൂറോളം ചിത്രങ്ങള്‍. 1969ല്‍ അമിതാഭ് ബച്ചന്റെ അരങ്ങേറ്റ ചിത്രമായ സാത്ത് ഹിന്ദുസ്ഥാനിയിലും രജനികാന്തിന്റെ അച്ഛനായി ഒരു പൊന്നു ഒരു പയ്യന് എന്ന ചിത്രത്തിലും അഭിനയിച്ചു.
മധുവിന് മലയാള ചലച്ചിത്ര ലോകത്തിന്റെ ആദരവ് അര്‍പ്പിച്ചുകൊണ്ട് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ ‘മധുമൊഴി: ആഘോഷപൂര്‍വ്വം ഇതിഹാസ പര്‍വ്വം’ എന്ന പേരില്‍ ഇന്ന് നവതി ആഘോഷിക്കും. തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം. നടന് മോഹന്‍ലാല്‍ അടക്കം സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങിനെത്തും. നവതിയാഘോഷിക്കുന്ന മധുവിന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആശംസ അറിയിക്കാനും സാംസ്കാരിക വകുപ്പ് നല്കുന്ന ഒരു ലക്ഷം രൂപയും ഉപഹാരവും കൈമാറാനും കഴിഞ്ഞദിവസം സാംസ്കാരിക മന്ത്രി സജി ചെറിയാന് നടന് മധുവിനെ കണ്ണമ്മൂലയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: