ന്യൂദല്‍ഹി: സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിനും ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് എംപി എ രാജ, എംപി തോല് തിരുമാവളവന്, എംപി തിരു സു വെങ്കിടേശന്, തമിഴ്നാട് ഡിജിപി, ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, തമിഴ്നാട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് പീറ്റര്‍ അല്‍ഫോണ്‍സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്.
ഹര്‍ജി പരിഗണിക്കാന്‍ ആദ്യം വിമുഖത കാട്ടിയ സുപ്രീം കോടതി ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് കേസ് കേള്‍ക്കാന്‍ സമ്മതിക്കുകയും ആയിരുന്നു. ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് ഇവര്‍ വിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തതെന്ന് ഹര്‍ജി സമര്‍പ്പിച്ച ചെന്നൈ ആസ്ഥാനമായുള്ള അഭിഭാഷകന് ബി ജഗന്നാഥിന് വേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമാക്കി.
ഇത്തരമൊരു അഭിപ്രായം ഒരു വ്യക്തി നടത്തിയാല്‍ അത് മനസ്സിലാകുമെന്നും എന്നാല്‍ ഭരണകൂടം തന്നെ ഇതിനായി എല്ലാ തരത്തിലും പിന്തുണക്കുകയാണെന്നും അഭിഭാഷകന് വാദിച്ചു. ഇതിനെതിരെ സംസാരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട് സര്‍ക്കുലറുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു.
ഭരണഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് അനുവദനീയമല്ല. വിദ്യാര്‍ത്ഥികളെ സനാതന്‍ ധര്‍മ്മത്തിനെതിരെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നതും തെറ്റാണെന്ന് അദേഹം പറഞ്ഞു. സനാതന ധര്‍മ്മത്തെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദയനിധി സ്റ്റാലിനേയും മറ്റുള്ളവരേയും അനുവദിക്കാതിരിക്കാന്‍ ഇടപെടണമെന്ന് അഭിഭാഷകനായ ബാലാജി ഗോപാലന് മുഖേന നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സെപ്തംബര്‍ രണ്ടിന് നടന്ന സനാതന ധര്‍മ്മ നിര്‍മ്മാര്‍ജ്ജന സമ്മേളനത്തില്‍ തമിഴ്നാട് മന്ത്രിമാരുടെ പങ്കാളിത്തം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാനും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സമ്മേളനത്തിന് പോലീസ് അനുമതി നല്‍കിയതെങ്ങനെയെന്നും അക്രമികള്‍ക്കെതിരെയും പരിപാടിക്ക് ഉത്തരവാദികളായ സംഘടനയ്ക്കെതിരെയും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ഇത്തരം സംഘടനകള്‍ക്കുള്ള തുകയുടെ സംഭാവനയ്ക്ക് ഉത്തരവാദികള്‍ ആരെന്നതുള്‍പ്പെടെയുള്ള സ്രോതസ്സുകള്‍ ഉള്‍പ്പെടെ ഇത്തരം പരിപാടികള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഉടന്‍ നിര്‍ദേശം നല്കാന് ആഭ്യന്തര സെക്രട്ടറിയോടും സിബിഐ ഡയറക്ടറോടും നിര്‍ദേശിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: