പാലാ: നഗരത്തില്‍ പ്രധാന റോഡുകളിലെ അനധികൃത പാര്‍ക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. രാമപുരം റോഡ്, ടിബി റോഡ്, ടൗണ്‍ റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തോന്നുംപടി നിര്‍ത്തിയിടുന്നത്. ഇതുമൂലം മണിക്കൂറുകള്‍
നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.
സിവില്‍ സ്റ്റേഷന്‍ പരിസരത്തും പാരലല്‍ റോഡിലും രാമപുരം റോഡിലും വാഹനങ്ങള്‍ യഥേഷ്ടം നിര്‍ത്തിയിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെ കൊണ്ടുപോകുന്നത്. നൂറുകണക്കിനാളുകള്‍ നടക്കുന്ന നടപ്പാതയും ബസ് സ്റ്റോപ്പുകളും റോഡിന്റെ വശങ്ങളും കയ്യേറിയുള്ള പാര്‍ക്കിങ് വ്യാപകമായി. കാല്‍നടയായി പോകുന്നവര്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ടിബി റോഡിലും ന്യൂബസാര്‍ റോഡിലും റോഡിന്റെ നടുഭാഗത്ത് പോലും മണിക്കൂറുകളോളം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്ന സ്ഥിതിയാണ്. സ്‌കൂളുകളിലേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും ക്ഷേത്രങ്ങളിലേക്കുമുള്ള നഗരത്തിലെ പ്രധാന റോഡാണ് ടിബി റോഡ്. എന്നാല്‍ ഇതുവഴിയുള്ള യാത്ര പലപ്പോഴും ദുഷ്‌കരമാണ്.
അനധികൃത പാര്‍ക്കിങില്‍ നടപടി വേണം
നഗരത്തില്‍ എത്തുന്നവര്‍ക്ക് സുഗമമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തണമെന്നും അനധികൃത പാര്‍ക്കിങ് തടയണമെന്നും ആവശ്യപ്പെട്ട് പാലാ പൗരസമിതി അധികൃതര്‍ക്ക് നിവേദനം നല്കി. പി. പോത്തന്‍ അധ്യക്ഷനായി. സേബി വെള്ളരിങ്ങാട്ട്, ജെയിംസ് ചാലില്‍, ബേബി കീപ്പുറം, കുട്ടിച്ചന്‍ കീപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: