സി.പി. രവീന്ദ്രന്‍
ഒരു വിശ്വാസവും അതുമായി ബന്ധപ്പെട്ടുള്ള ആരാധനാക്രമവുമാണ് മതമെന്ന് സാമാന്യേന വിവക്ഷിക്കാം. ഒരു വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതും അദ്ദേഹത്തിന്റെ വചനങ്ങളെ ഉള്‍ക്കൊള്ളുകയും അവരുടേതായ ആരാധനാലയങ്ങളും പ്രമാണ ഗ്രന്ഥങ്ങളുമടങ്ങിയിട്ടുള്ളതാണ് പാശ്ചാത്യ രാജ്യങ്ങളിലെ മതങ്ങള്‍ മിക്കവാറും. ഭാരതത്തില്‍ പ്രധാനമായിട്ടുള്ള ഹിന്ദുമതം ഈ ഗണത്തില്‍പ്പെടുന്നതല്ല. ഒരു പ്രമാണഗ്രന്ഥം, ഒരു ആചാര്യന്‍, അഥവാ പ്രവാചകന്‍, ഒരേ ആരാധനാക്രമം ഇതൊന്നും ഭാരതീയ മതത്തിന്-ഹിന്ദുമതത്തിന്- അടിസ്ഥാനമാകുന്നില്ല. അതുകൊണ്ടുതന്നെ ഭാരതത്തിലുള്ളത് പാശ്ചാത്യദൃഷ്ടിയില്‍ മതത്തിന്റെ ഗണത്തില്‍പ്പെടുന്നതല്ല. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ ജീവിതക്രമം ‘സനാതന ധര്‍മ്മ’മാണ്. ധര്‍മ്മമാണ് അതിന്നടിസ്ഥാനമായിട്ടുള്ളത്. ‘ധര്‍മ്മ’മെന്ന വാക്കിന് താങ്ങിനിര്‍ത്തുന്നത് എന്നാണര്‍ത്ഥമാക്കുന്നത്. എല്ലാ വസ്തുവിനും അടിസ്ഥാനമായിട്ടൊരു ധര്‍മ്മമുണ്ട്. തീയുടെ ദഹിപ്പിക്കുവാനുള്ള ശക്തിയാണ് അതിന്റെ ധര്‍മം.
ഒരു വസ്തു സൃഷ്ടിക്കപ്പെടുന്നത് മറ്റൊരു വസ്തുവില്‍ നിന്നാണല്ലോ. മണ്‍പാത്രങ്ങള്‍ കളിമണ്ണില്‍ നിന്നും ഉണ്ടാക്കപ്പെടുന്നതുപോലെ തന്നെ. അപ്പോള്‍ ഈ പ്രപഞ്ചം സൃഷ്ടമായതാണെങ്കില്‍ എന്തില്‍നിന്ന് എന്ന ചോദ്യമുണ്ടാകും. ഈ പ്രപഞ്ച സൃഷ്ടിക്കുമുന്‍പ് ഉണ്ടായിരുന്ന ഒന്ന് നിത്യമായ സത്യം -ഈശ്വരന്‍- ഒന്നുമാത്രമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അതേ ഈശ്വരന്റെ വ്യത്യസ്ത രൂപങ്ങളല്ലേ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും. ഈ അടിസ്ഥാനത്തില്‍ സനാതനധര്‍മ്മം വിളംബരം ചെയ്യുന്ന ‘ഈശാവാസ്യമിദം സര്‍വം’ , സനാതന ധര്‍മ്മത്തിന് അടിസ്ഥാനമായിട്ടുള്ളത് ഈ വിശ്വാസമാണ് . സനാതനധര്‍മ്മം എങ്ങിനെ ഹിന്ദുമതമായി മാറിയെന്നതു വിലയിരുത്തേണ്ടതാണ്. ഹിന്ദുവും സിന്ധുവും ബന്ധപ്പെട്ടാണ് ഈ പേരിന്റെ തുടക്കമെന്നാണ് കണ്ടെത്തല്‍.
ഭാരതത്തിലെ ജൈവസമ്പത്തും ജ്ഞാനസമ്പത്തും വിദേശികളെ ഹഠാദാകര്‍ഷിച്ചു. അവര്‍ ഭാരതത്തിലേക്ക് വ്യത്യസ്ത താല്പര്യങ്ങളോടെ കടന്നുവന്നു. നിലവിലെ ഭാരതത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തും പഞ്ചാബ് പ്രവിശ്യയിലുമായിരുന്നു പ്രധാനമായും അവരുടെ കടന്നുകയറ്റം. സിന്ധുനദീതടങ്ങളില്‍ ജീവിക്കുന്ന ഉയര്‍ന്ന ജീവിത രീതിയും വിശ്വാസവും ഉന്നതിയും ശാസ്ത്രബോധവുമുള്ള ഒരുകൂട്ടം ജനങ്ങളെയാണ് അവര്‍ കണ്ടെത്തിയത്. പ്രാചീന പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ ഉച്ചരിക്കുന്നത് ‘ഹ’ ആയിട്ടായിരുന്നു. അങ്ങനെ വാമൊഴിയിലൂടെ സിന്ധു എന്ന പദം ഹിന്ദു എന്ന് ആയിത്തീര്‍ന്നു എന്നാണ് ചിലരുടെ കണ്ടെത്തല്‍. കാലക്രമേണ വിദേശികളുടെ എത്തിപ്പെടല്‍ ഗംഗാസമതലങ്ങളിലേക്കും മറ്റുപ്രദേശങ്ങളിലേക്കും കടന്നു. അവര്‍ സിന്ധുക്കള്‍ എന്ന അര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ എന്ന് പ്രയോഗിക്കുകയും ആ നാമം സ്ഥിരമായിത്തീരുകയുമായിരുന്നത്രേ. അവിടെ ഹിന്ദുനാമം മതപരമായിരുന്നില്ല, ദേശീയമായിരുന്നു.
സിന്ധുവും ഹിന്ദുവുമായുള്ള ബന്ധത്തെ ഭാരതത്തിലെ പണ്ഡിതന്മാരും തത്വചിന്തകരും ഏതാണ്ട് ശരിവയ്‌ക്കുന്നുണ്ട്. എന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ ‘ഹ’ ആയിമാറിയെന്ന വാദത്തോട് പലര്‍ക്കും യോജിക്കാന്‍ കഴിയുന്നില്ല. അവര്‍ ഉദാഹരണ സഹിതം ഈ വാദഗതിയെ എതിര്‍ക്കുന്നുണ്ട്. ഹിന്ദ്, ഹിന്ദു ശബ്്ദമാണ് ആദ്യമുണ്ടായതെന്നും അതില്‍ നിന്ന് സിന്ധുവാദമുണ്ടായെന്ന വാദവും പ്രസക്തമാണ്. പ്രാകൃതഭാഷയില്‍ -‘ഹ’ എന്നത് സംസ്‌കൃതത്തില്‍ ‘സ’ കാരമായിത്തീരുന്നു എന്നതിന് ഹസ്തഹിന്ധു, സപ്തസിന്ധുവായി ആര്യന്മാര്‍ പ്രയോഗിച്ചിരുന്നതായി വീരസവര്‍ക്കര്‍ വാദിക്കുന്നുണ്ട്. സവര്‍ക്കര്‍ തന്റെ വാദം വ്യക്തമാക്കുന്നതിനും ഹിന്ദുശബ്ദത്തിന്റെ പഴക്കം കാണിക്കുന്നതിനുമായി പാര്‍സികളുടെ ധര്‍മഗ്രന്ഥം ‘ദശാധീര്‍’ ലെ ഒരു ഭാഗം ഉദ്ധരിക്കുന്നുണ്ട്.
ആ ക നൂം ബിറഹ്്മനെ വ്യാസനാം ആജസ്
ഹിന്ദ് ആമദ് വസദാനകി
അകനു പൂ നാസ്ത
ചൂം വ്യാസ് ഹിന്ദ് ബലഖ ആമദ്
ശ ശ് താതവ് ജ്രദസ്ത് രാവ് ഖ്വന്ദ്
‘ഹിന്ദില്‍ നിന്ന് അതിബുദ്ധിമാനായ ഒരു ബ്രഹ്്മജ്ഞാനി ബലഖ് നഗരത്തില്‍ വന്നപ്പോള്‍ ഇറാനിലെ ചക്രവര്‍ത്തി ശാസ്താതപന്‍ മതാചാര്യനായ ജാഥ്യസ്തനേയും കൂട്ടി അദ്ദേഹത്തെ സ്വീകരിക്കുകയുണ്ടായി.’
പാര്‍സികളുടെ ഈ ധര്‍മ്മഗ്രന്ഥം ക്രിസ്തുവിന് മുന്‍പ് അഞ്ചാം നൂറ്റാണ്ടിലുണ്ടായിട്ടുള്ളതായി കരുതപ്പെടുന്നു. സപ്തസിന്ധു എന്നനാമം ഋക്‌വേദകാലത്തുപോലും ഉണ്ടായിരുന്നതാണ്. സംസ്‌കൃതത്തിലെ സ എന്നത് പലപ്പോഴും ‘ഹ’ എന്ന് പ്രയോഗിക്കാറുണ്ടെന്നും അങ്ങനെ സിന്ധു എന്നപദം ഹിന്ദുവായതാണെന്നും ശ്രീഗുരുജി ഗോള്‍വര്‍ക്കറും അവകാശപ്പെടുന്നുണ്ട്. പ്രാകൃതഭാഷകളിലെല്ലാം തന്നെ ‘സ’ കാരം ‘ഹ’ കാരമായി മാറുന്നതു പൊതുനിയമമാണെന്നും അതനുസരിച്ച് സംസ്‌കൃതശബ്ദമായ സിന്ധുവിലെ ‘സ’കാരം പ്രാകൃത ഭാഷകളില്‍ ‘ഹ’ കാരമായിരുന്നുവെന്നും സിന്ധു-ഹിന്ദുവായും സപ്തസിന്ധു – ഹപ്ത ഹിന്ദുവായും തീര്‍ന്നതാണെന്ന വാദവും ശരിവയ്‌ക്കുന്നുണ്ട്. അസാം പ്രദേശത്തെ ‘അഹാം’ എന്ന് തദ്ദേശവാസികള്‍ പറഞ്ഞുവരുന്നതും ഉദാഹരിക്കപ്പെടുന്നു. വിദേശീയരില്‍ നിന്നല്ല സ്വദേശീയമായി രൂപപ്പെട്ടതാണ് ഹിന്ദുശബ്്ദമെന്നും നിരവധി ഉദാഹരണങ്ങളിലൂടെ മതഭാഷാ പണ്ഡിതന്മാരും വിശദീകരിക്കുന്നു.
ബൃഹസ്പതി ആഗമനത്തിലെ
ഒരുനിര്‍വചനം
‘ഹിമാലയം സമാരഭ്യ യാവദിന്ദു സരോവരം
തം ദേവ നിര്‍മ്മിതംദേശം
ഹിന്ദുസ്ഥാനം പ്രപക്ഷതേ’
ഹിമാലയം തൊട്ട് ഇന്ദു സരോവരം (ദക്ഷിണസമുദ്രം) വരെ വിസ്തൃതമായിരിക്കുന്നതും ദേവന്മാരാല്‍ നിര്‍മ്മിക്കപ്പെട്ടതുമായ പ്രദേശത്തെ ഹിന്ദുസ്ഥാനമെന്ന് പറയുന്നു. ഈ വിസ്തൃതമായ ഭൂപ്രദേശത്തിന്റെ തുടക്കസ്ഥാനമായിരിക്കുന്ന ഹിമാലയത്തിലെ ‘ഹി’ യും ‘ഇന്ദു’ സരോവരത്തിലവസാനിക്കുന്ന ‘ന്ദു’ വും കൂട്ടിച്ചേര്‍ത്ത് ഈ പ്രദേശത്തെ ഹിന്ദു സ്ഥാനമെന്ന് വിളിച്ചുവരുന്നതായി വിദ്യാഭ്യാസ വിചക്ഷണനും ഭാരതത്തിന്റെ രണ്ടാമതു രാഷ്‌ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഹിന്ദുശബ്ദത്തെ ആദ്യകാലത്ത് മതവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ പദങ്ങളെ പൊതുവേ ഭാരതീയര്‍ ആദരവോടും അഭിമാനത്തോടുമായിരുന്ന അംഗീകരിക്കപ്പെട്ടിരുന്നതും. സ്വതന്ത്രഭാരതം രൂപമെടുത്തപ്പോള്‍ അഭിമാനത്തോടുകൂടി ദേശസ്‌നേഹികള്‍ ‘ജയ്ഹിന്ദ്’വിളിച്ചിരുന്നു. ഇതിനെ ആരും അന്ന് വര്‍ഗീയമായി കണ്ടിരുന്നില്ല. സ്വതന്ത്രഭാരതം മതേതരത്വമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ ‘ന്യൂനപക്ഷം’ എന്നത് മതാടിസ്ഥാനത്തില്‍ സംഘടിതശക്തിയാവുകയും ചെയ്തപ്പോള്‍ വോട്ടുബാങ്കുലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവര്‍ പറയുന്നതൊക്കെയും ശരിവയ്‌ക്കാന്‍ തുടങ്ങി. ക്രമേണ ഹിന്ദു പദം മതപരവും വര്‍ഗീയവുമായി. എന്നു മാത്രമല്ല, ഭാരതീയമായതൊക്കെയും ‘പഴഞ്ച’നാവുകയും ചെയ്തു.
‘ഹിന്ദു’ എന്നതിന് പല നിര്‍വചനങ്ങളും പണ്ഡിതന്മാരാല്‍ പ്രകീര്‍ത്തിതമായിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍-
‘ഹീനം ദൂഷയതീതി ഹിന്ദു.
പ്ലഷോ ദരാദിത്വാത് സാധു’
ധര്‍മഹീനമായ മനുഷ്യരെക്കൂടി ശാസിച്ച് നിലനിര്‍ത്തുന്നവന്‍ ഹിന്ദു.
‘ഹിംസാം ദമയതീതി ഹിന്ദു’
ഹിംസയെ അമര്‍ച്ചചെയ്യുന്നവന്‍ ഹിന്ദു.
‘ഹിനസ്തി ദുഷ്ടാനിതിഹിന്ദു.’
ദുഷ്ടപ്രവര്‍ത്തികളെ ഇല്ലാതാക്കുന്നവര്‍ ഹിന്ദു. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം അപരിഗ്രഹാദി യമനിയമങ്ങളെ പാലിച്ചു ജീവിക്കുന്നവന്‍ ഹിന്ദുവെന്നതാണ് പൊതുവിലുള്ള നിര്‍വചനം.
സ്വാമി വിവേകാനന്ദന്‍ പറയുന്ന ”ഒരു നാമമില്ലാതെ ഒരു വ്യവസ്ഥിത സമ്പ്രദായമില്ലാതെ, ഒരു സംഘടനയില്ലാതെ, ഭിന്നങ്ങളായ ആശയങ്ങളുടെയും ചട്ടങ്ങളുടെയും ചടങ്ങുകളുടെയും ഒരു സംഗതിയാണ് ഹിന്ദുമതം.”
വീര സവര്‍ക്കര്‍ വിശദീകരിക്കുന്നു
”മാനവരാശിക്ക് പ്രചോദനത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ സൂക്ഷ്മ സ്രോതസ്സായി വര്‍ത്തിക്കുന്ന പേരുകളുടെ പട്ടികയില്‍പ്പെടുന്ന ഒന്നാണ് ഹിന്ദുത്വമെന്നത്, ഈ പേരിനുചുറ്റുമായി വളര്‍ന്നുവന്നിട്ടുള്ള ആശയങ്ങളും ആദര്‍ശങ്ങളും വ്യവസ്ഥകളും സമൂഹങ്ങളും വിചാരങ്ങളും വികാരങ്ങളും വിശകലന പരിശ്രമങ്ങളെ വിഫലമാക്കുമാറ് വിഭിന്നവും സമ്പന്നവുമാണ്, ശക്തവും സൂക്ഷ്മവുമാണ്.. ഹിന്ദുത്വമെന്നത് ഒരുവാക്കല്ല. നേരെമറിച്ച് ഒരു ചരിത്രമാണ്. ഹിന്ദുത്വത്തില്‍ നിന്നുണ്ടായിട്ടുള്ള അതിന്റെ ഭാവനാംശത്തില്‍ ഒന്നുമാത്രമാണ് ഹിന്ദുമതം”.
മതങ്ങള്‍ വ്യക്ത്യാധിഷ്ഠിതവും ഗ്രന്ഥാധിഷ്ഠിതവും വചനാധിഷ്ഠിതവുമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഭാരതീയര്‍ വിഭിന്ന ദേവതകളെ ഉപാസിക്കുന്നവരും വിഭിന്നാചാരങ്ങള്‍ അനുഷ്ഠിക്കുന്നവരുമാണ്. ഇതിന് ഡോ. രാധാകൃഷ്ണന്‍ കൂര്‍മപുരാണത്തിലെ വരികള്‍ ഉദ്ധരിച്ചുകാണുന്നു.
”ഭാരതേഷു സ്ത്രീയ പുംസോ
നാനാ വര്‍ണ്ണാ പ്രകീര്‍ത്തിതാ
നാനാ ദേ വാര്‍ച്ചനേയുക്താ
നാനാകര്‍മ്മാണി കുര്‍വ്വതോ”
ഭാരതം തെക്കുവടക്ക് ഏതാണ് രണ്ടായിരം നാഴിക നീളവും കിഴക്കുപടിഞ്ഞാറ് എണ്ണൂറുനാഴിക വീതിയുമുള്ള വ്യത്യസ്ത ഭാഷയും വിശ്വാസവും ആരാധനാക്രമങ്ങളുമുള്ള ഒരു ജനതയെ സാംസ്‌കാരികമായും ആദ്ധ്യാത്മികമായും ഒന്നാക്കിനിര്‍ത്തിയ ശക്തിയാണ് ഹിന്ദു എന്നത്. ഭാരതത്തില്‍ അധിവസിച്ചിരിക്കുന്നവരൊക്കെയും ഹിന്ദുക്കളായിരുന്നു.
വിദേശത്തുനിന്നും വന്ന പല മതവിഭാഗക്കാരും മതപരമായ വേര്‍തിരിവ് പുലര്‍ത്തി. ഈ സംസ്‌കാരത്തില്‍ ഇഴുകി ചേരാതെ വേറിട്ടുനിന്ന് പലവാദഗതികളും മുഴക്കി. എന്നാല്‍ ഭാരതത്തില്‍ രൂപപ്പെട്ടതും പാശ്ചാത്യ അധിനിവേശ ശക്തികളല്ലാത്തവരും ഹിന്ദുശബ്്ദത്തെ തങ്ങളുടെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. അവര്‍ മതപരമായ വേര്‍തിരിവുണ്ടാക്കിയില്ല. അവര്‍ ഇന്നും സംസ്‌കാരത്തില്‍ അഭിമാനികളായി നിലകൊണ്ടു. ഭാരതത്തെ പുണ്യഭൂമിയായും കര്‍മ്മഭൂമിയായും അംഗീകരിക്കുകയും ആദരിക്കുകയും അഭിമാനികളാവുകയും ചെയ്തു. ഈ ആശയത്തില്‍ ഹിന്ദുശബ്്ദം നിര്‍വചിക്കപ്പെടുകയുണ്ടായി.
”ആ സിന്ധു സിന്ധു പര്യന്താ യസ്യ
ഭാരതഭൂമികാ
പിതൃഭൂഃ പുണ്യഭൂശ്ചൈവ സവൈ
ഹിന്ദുരതി സ്മൃത”-
ഇപ്രകാരം ഭാരതത്തെ ഹിന്ദുരതി സ്മൃതിഭൂമിയായും കരുതുന്ന ഈ ദേശവാസകളൊക്കെയും ഹിന്ദുക്കളാണ്. ഭാരതമതം ഹിന്ദുമതമാണ്. ഇതിനെ നിഷേധിക്കുന്നവര്‍ ഈ ഭൂപ്രദേശത്തെ തങ്ങളുടെ മതാധിഷ്ഠിത ഭൂപ്രദേശമായി മാറ്റുവാന്‍ വ്യഗ്രത പുലര്‍ത്തുന്നവരാണ്.
(ക്ഷേത്രശക്തി മുന്‍ എഡിറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: