ബെംഗളൂരു: ബെംഗളൂരുവിലെ പെരിഫറല്‍ റിങ് റോഡ് (പിപിആര്‍) പദ്ധതി പ്രതിസന്ധിയില്‍. 2022ല്‍ രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചതാണ് പെരിഫറല്‍ റിങ് റോഡ് (പിപിആര്‍) പ്രോജക്ടിന്. എന്നാല്‍ ഈ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറായി ആരും ഇതുവരെ എത്തിയിട്ടില്ല.
പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതിനു ശേഷം പദ്ധതിയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു. നേരത്തെ കണ്ടിരുന്നത് 21,000 കോടി ചെലവ് രൂപയായിരുന്നു. എന്നാല്‍ പുതിയ കണക്കുകൂട്ടല്‍ പ്രകാരം തുക 26,000 കോടി രൂപയിലേക്ക് എത്തിച്ചേരും. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ പ്രകാരം വലിയ തുക ആ വഴിക്കു തന്നെ ചെലവാകും.
പിപിആര്‍ റോഡ് പദ്ധതിയെ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത ഫിനാന്‍സിങ്ങിനു വേണ്ടി സര്‍ക്കാര്‍ പുതിയ വഴികള്‍ തിരയുന്നുവെന്നാണ്. സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി ഒരു അന്തര്‍ദ്ദേശീയ കണ്‍സള്‍ട്ടന്റിനെ നിയമിക്കാനാണ് നീക്കം. 21,091 കോടി രൂപ ആഗോളതലത്തില്‍ നിന്ന് എങ്ങനെ സ്വരൂപിക്കാനാകും എന്ന നിര്‍ദേശമാണ് ഈ കണ്‍സള്‍ട്ടന്റ് നല്‍കേണ്ടത്. ഈ സാമ്പത്തിക ഉപദേശക സംഘത്തെ നിയോഗിക്കുന്നതിനായി ഒരു ഹ്രസ്വകാല ടെന്‍ഡര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചേക്കും. ഫണ്ടിങ് സാധ്യതകള്‍ ചൂണ്ടിക്കാട്ടുക എന്നതിനൊപ്പം മികച്ച നിക്ഷേപക സ്ഥാപനങ്ങളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുക എന്ന ചുമതലയും ഇവര്‍ക്കുണ്ടായിരിക്കും.
സ്വകാര്യ പങ്കാളിക്ക് റോഡ് പദ്ധതി നടപ്പാക്കാനും, നിര്‍മ്മാണത്തിനു ശേഷം 50 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാനുമായിരുന്നു മുമ്പത്തെ പദ്ധതി. 50 വര്‍ഷം ടോള്‍ പിരിച്ചതിനു ശേഷം റോഡ് സര്‍ക്കാരിന് തിരിച്ചു നല്‍കാം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ വെച്ചുള്ള ടെന്‍ഡറിന് കാര്യമായ പ്രതികരണം ലഭിച്ചില്ല. ചെലവാക്കേണ്ടുന്ന തുക ഭീമമായതും, ടോള്‍ പിരിച്ചെടുത്ത് നിക്ഷേപം ലാഭത്തോടെ തിരിച്ചുപിടിക്കാനെടുക്കുന്ന കാലദൈര്‍ഘ്യവും ടെന്‍ഡര്‍ അനാകര്‍ഷകമാക്കി.
2014ല്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ പ്രകാരം വന്‍തുക പിപിആര്‍ പദ്ധതിക്ക് ചെലവാകും. ആകെ 2700 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനു മാത്രം 20,000 കോടി രൂപ ചെലവാകും. റോഡ് പണിക്ക് 6000 കോടി രൂപയേ ചെലവാകൂ. അതേസമയം പദ്ധതിക്ക് കഴിഞ്ഞവര്‍ഷം ബിജെപി സര്‍ക്കാര്‍ കണക്കാക്കിയത് 21,000 കോടി ചെലവായിരുന്നു. എന്നാല്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോരിറ്റി പുറത്തിറക്കിയതിനു പിന്നാലെ സുപ്രീംകോടതിയുടെ ഉത്തരവുമെത്തി. 2014ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പാലിക്കണമെന്നതായിരുന്നു അത്. 2014നു മുമ്പുള്ള നിയമങ്ങള്‍ പ്രകാരമായിരുന്നു സ്ഥലമേറ്റെടുപ്പെങ്കില്‍ 8000 കോടി രൂപയില്‍ കാര്യങ്ങളൊതുങ്ങുമായിരുന്നു.
ഏറ്റെടുക്കാനുള്ള ഭൂമി ഭൂരിഭാഗവും കാര്‍ഷികനിലങ്ങളാണ്. 73 കിലോമീറ്ററാണ് പെരിഫറല്‍ റിങ് റോഡിന്റെ നീളം. നിലവിലുള്ള ഔട്ടര്‍ റിങ് റോഡില്‍ വലിയതോതില്‍ വാഹനസാന്ദ്രതയുണ്ട്. ഔട്ടര്‍ റിങ് റോഡ് നിലവില്‍ ഹൊസൂര്‍ റോഡ് മുതല്‍ തുമകുരു റോഡ് വരെ ബന്നാര്‍ഘട്ട, കനകപുര, മാഗഡി വഴിയുള്ള നൈസ് റോഡ് ഉണ്ട്. ഇതിനോടു ബന്ധിപ്പിച്ച്, ഹൊസൂര്‍ റോഡ് മുതല്‍ സര്‍ജാപൂര്‍, ഓള്‍ഡ് മദ്രാസ് റോഡ്, ബെല്ലാരി റോഡ് വഴി തുമകുരുവില്‍ ചെന്ന് നൈസ് റോഡിനോട് ചേരുന്ന തരത്തിലാണ് പെരിഫറല്‍ റിങ് റോഡ് വരുന്നത്.
പുതിയ പെരിഫറല്‍ റിങ് റോഡ് ഈ ഔട്ടര്‍ റിങ് റോഡില്‍ പെരുകിയ വാഹനങ്ങളെ വലിയൊരളവ് പങ്കിടും. പുതിയ റോഡുകൂടി വരുന്നതോടെ ബെംഗളൂരുവിലെ വാഹനസാന്ദ്രതയ്‌ക്കും കുറെയെല്ലാം പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: