ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്തംബര്‍ 23നു വാരാണസി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.30നു വാരാണസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി തറക്കല്ലിടും.
ഉച്ചകഴിഞ്ഞ് രുദ്രാക്ഷ് അന്താരാഷ്ട്ര സഹകരണകണ്വെന്ഷന് കേന്ദ്രത്തില്‍ എത്തുന്ന പ്രധാനമന്ത്രി, ‘കാശി സാന്‍സദ് സാംസ്കൃതിക് മഹോത്സവ് 2023’ന്റെ സമാപനച്ചടങ്ങില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലുടനീളം നിര്‍മിച്ച 16 അടല്‍ ആവാസീയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ആധുനിക ലോകോത്തര കായിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പാകും വാരാണസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. വാരാണസി രാജാതാലാബിലെ ഗഞ്ജാരിയില്‍ നിര്‍മിക്കുന്ന ആധുനിക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 450 കോടി രൂപ ചെലവില്‍ 30 ഏക്കറിലധികം വിസ്തൃതിയില്‍ വികസിപ്പിക്കും. പരമശിവനില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേല്‍ക്കൂര ആവരണങ്ങള്‍, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ് ലൈറ്റുകള്‍, ഘാട്ട് പടവുകളെ അടിസ്ഥാനമാക്കിയുള്ള ഇരിപ്പിടങ്ങള്‍, മുന്‍ഭാഗത്തു കൂവളത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ലോഹപാളികള്‍ എന്നിവ രൂപകല്‍പ്പനയുടെ ഭാഗമാണ്. 30,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തിനു ശേഷിയുണ്ടാകും.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രാപ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര്‍പ്രദേശിലുടനീളം ഏകദേശം 1115 കോടി രൂപ ചെലവില്‍ 16 അടല്‍ ആവാസീയ വിദ്യാലയങ്ങള്‍ നിര്‍മിച്ചത്. തൊഴിലാളികളുടെയും നിര്‍മാണ തൊഴിലാളികളുടെയും മക്കള്‍ക്കും കോവിഡ്19 മഹാമാരിയെത്തുടര്‍ന്ന് ഉറ്റവരും ഉടയവരും നഷ്ടമായ കുട്ടികള്‍ക്കുമായാണ് ഈ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുക. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും കുട്ടികളുടെ സമഗ്രവികസനത്തിനു സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ വിദ്യാലയങ്ങള്‍ ലക്ഷ്യമിടുന്നത്.
ക്ലാസ് മുറികള്‍, കായികമൈതാനം, വിനോദമേഖലകള്‍, മിനി ഓഡിറ്റോറിയം, ഹോസ്റ്റല്‍ സമുച്ചയം, ഭക്ഷണശാല, ജീവനക്കാര്‍ക്കു താമസിക്കാനുള്ള ഫ്ലാറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 10 മുതല്‍ 15 വരെ ഏക്കര്‍ വിസ്തൃതിയിലാണ് ഓരോ വിദ്യാലയവും നിര്‍മിച്ചിരിക്കുന്നത്. ഈ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 1000 വിദ്യാര്‍ഥികളെ വീതം ഉള്‍ക്കൊള്ളാനാകും.
കാശിയുടെ സാംസ്കാരിക ചൈതന്യത്തിനു കരുത്തേകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണു ‘കാശി സാന്‍സദ് സാംസ്കൃതിക മഹോത്സവം’ എന്ന ആശയത്തിലേക്കു നയിച്ചത്. മഹോത്സവത്തില്‍ 17 ഇനങ്ങളിലായി 37,000ലധികം പേര് പങ്കെടുത്തു.
ഗാനം, വാദ്യോപകരണവാദനം, നുക്കാദ് നാടകം, നൃത്തം തുടങ്ങിയവയില്‍ അവര്‍ കഴിവുകള്‍ പ്രകടിപ്പിച്ചു. പ്രകടനങ്ങളില്‍ മികവു കാട്ടിയവര്‍ക്കു രുദ്രാക്ഷ് അന്താരാഷ്ട്ര സഹകരണകണ്വെന്ഷന് കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: