(ആകാശഗത്യഭാവാദിനിരൂപണം തുടര്‍ച്ച)
സന്മതേ! നീ നിരൂപിച്ചീടുക, പുനര്ജ്ജന്മമുണ്ടാക്കുന്ന ഘനയായ വാസന പാര്ത്തലത്തിങ്കല് ആര്ക്കില്ലാതിരിക്കുന്നു, അവന് തത്ത്വസ്ഥനായി ജീവന്മുക്തനാകുന്നു. കുശവന് തിരിച്ചുവിട്ടിട്ട് പിന്നെയും ചക്രം തുടരെ തിരിയുന്നതുപോലെ പ്രാരദ്ധഭോഗപര്യന്തം ലോകത്തില്‍ സംസ്കാരശേഷത്താല് സ്ഥിതിചെയ്തുകൊള്ളുന്നു. കാണപ്പെടുന്ന ബീജത്തിന്റെ ഉപമയായി വിഷയങ്ങളില്‍ ഒട്ടും രസമില്ലാതെയായി പിന്നീട് ജന്മത്തെ ഉണ്ടാക്കീടാത്തതായി വാസന ആര്‍ക്കു വന്നീടുന്നു ആയവര്‍ ജീവന്മുക്തരെന്നു പറയപ്പെടുന്നു. ഹേ രാമ! സത്ത്വചിത്തന്മാര് ജ്ഞാനപാരഗന്മാരും അചിത്തന്മാരുമാണ്. അവര്‍ ദേഹം നശിച്ചുപോകുന്നകാലം ആകാശരൂപികളായി ഭവിക്കുന്നു. പ്രാണചാഞ്ചല്യവും വാസനയും രണ്ടും മാനസത്തിനുള്ള ബീജങ്ങളാകുന്നു. ഇവയില്‍ ഒന്നിനു ക്ഷീണം സംഭവിച്ചാല്‍ നിശ്ചയമായും ഇവരണ്ടും നശിച്ചുപോകും. പ്രാണന് ചലിക്കകൊണ്ട് വാസനയും തഥാ പ്രാണചാഞ്ചല്യം ഈ വാസനതന്നാലും സംജാതമാകുന്നു. ചിത്തബീജത്തിനു ബീജാങ്കുരം അതുകൊണ്ടുണ്ടാകുന്നു.
ദൃശ്യത്തില്‍നിന്ന് വാസനയും പ്രാണമാരുതസ്പന്ദവും ഉത്ഭവിക്കുന്നതുകൊണ്ട് ഇവരണ്ടിനും ബീജമായീടുന്നത് ദൃശ്യമാകുന്നു. ദൃശ്യത്തെ നന്നായി വിട്ടീടുകില്‍ പ്രാണസ്പന്ദനം, വാസന, എന്നിതു രണ്ടും, ആണിവേരറ്റാല് മരമെന്നതുപോലെ, സമൂലം നശിച്ചുപോകും. വൃത്തിജ്ഞാനം ദൃശ്യത്തിനുള്ള ബീജമായീടുന്നു. എണ്ണയില്ലാതെ എള്ളില്ല, എന്നതുപോലെ ദൃശ്യംപോലെ വൃത്തിജ്ഞാനമില്ലാതെയില്ല. അകത്തും പുറമേയും ദൃശ്യമെന്നുള്ളതില്ല, സംവിത്തുതന്നെ സ്ഫുരിക്കുന്നുവെന്നതില് സന്ദേഹമില്ല. ദൃശ്യത്തിനെ സങ്കല്പിച്ചു സംവിത്ത് സ്വതേ പാര്ക്കുന്നുവെന്നോര്ക്കുക. ഇന്നു ഞാന്‍ ചത്തു, ഞാന്‍ പരദേശവാസി എന്നീവിധം തന്റെ ചമല്ക്കാരയോഗം നിമിത്തം സ്വപ്നത്തിലെങ്ങനെ കാണുന്നു, സംവിത്തിന് അപ്രകാരംതന്നെയാണു ദൃശ്യവും. നീ കേള്‍ക്കുക, പണ്ടു കണ്ടറിഞ്ഞിട്ടുള്ളതാകിലും കാണാത്തതാണെന്നിരിക്കിലും ഈ സംവിത്തിന് തോന്നലുണ്ടാവതു പര നന്നായറിഞ്ഞവന്‍ പ്രയത്നിച്ചു നീക്കണം. തോന്നലാകുന്ന ദൃശ്യത്തെ മറക്കായ്കതന്നെ മഹത്തായ സംസാരമെന്ന് നീ ഓര്‍ക്കുക. അതിനെ സ്മരിക്കായ്കതന്നെയാണ് മോക്ഷമെന്നതിലും സന്ദേഹമില്ല. മഹാമതേ! ദൃശ്യാനുസന്ധാനം അന്തമില്ലാത്ത സംസാരദുഃഖത്തിനായി ഭവിക്കുന്നു. ജാഡ്യംവെടുഞ്ഞു വിഗളിതാനന്ദനായി ത്യക്തസംവേദനനായി നീ ഭവിക്കുക. ദൃശ്യവിചാരമില്ലാത്ത പ്രബുദ്ധാത്മാവായ പരമാത്മാവുതന്നെ നീ എന്നു നിസ്സംശയം പറയാം.’
”ജാഡ്യസംബന്ധരഹിതയായ അസംവിത്തി എവ്വണ്ണം ഭവിക്കുന്നു സത്ഗുരോ? ചിത്തത്തില്‍ നിരൂപിച്ചുകണ്ടീടുകില് അസംവിത്തിയില് ജാഡ്യം എവ്വണ്ണം നശിക്കുന്നു?” എന്ന് രാഘവന് ചോദിച്ചതിന് മുനീശ്വരന്‍ ഇങ്ങനെ മറുപടി പറഞ്ഞു. ”എല്ലാറ്റിലും അസ്ഥിരതയെ ആദരിക്കുന്നവനായി, ഉള്ളിലെങ്ങും അല്പവും വിശ്രമാസ്ഥയില്ലാതെ, ചേതസ്സിലേതും വിചാരമില്ലാതെകണ്ട് ഏതൊരു ജീവന് എപ്പോഴും വര്‍ത്തിക്കുന്നു, രാഘവ! ദൃശ്യത്തെ ആശ്രയിച്ചുള്ള സംവിത്തു വിശ്വത്തില്‍ ആര്ക്കില്ലാതിരിക്കുന്നു, നീ ഓര്‍ക്കുക, അന്തമില്ലാതെകണ്ടുള്ള കാര്യങ്ങളെ സന്തതം ചേയ്തുകൊണ്ടീടുന്നതാകിലും അത് അസംവിത്തും അജഡനുമാണെന്ന് ചൊല്ലപ്പെടുന്നതെന്നു നീ അറിയുക. ഗുണാംബുധേ! ഹൃദയാകാശം ദൃശ്യത്തോട് അല്പമായാലും ചേരാതിരിക്കുകില്‍ അവന് അസംവിത്തും അജഡനും നല്ല ജീവന്മുക്തനുമായി ചമഞ്ഞു. വാസനാനാശത്തിനാല് യാതൊന്നിനെയും നിനയ്ക്കാതെ അനാരതം ബാലമൂകാദിവിജ്ഞാനംകണക്ക് ഏതുകാലം സ്ഥിരമായി സ്ഥിതിചെയ്തുകൊള്ളുന്നു വിശാലമായി ജാഡ്യനിര്മ്മുക്തമപ്പോള് അസംവേദനം ആശ്രിതമായി ഭവിക്കുന്നു. എന്നതുകൊണ്ടോര്ക്കുക, ഒന്നിനോടും പിന്നെ എന്നുമേ സംബന്ധമുണ്ടാവുകയില്ല. വാസനയൊക്കെയും ദൂരെക്കളഞ്ഞ് നിര്വികല്പസമാധിയില് നീലവര്‍ണം ഗഗനത്തില്‍ വിളങ്ങുന്നതുപോലെ ആനന്ദം നിതാന്തം വളരുന്നു.
നിര്വികല്പമായീടും സമാധിയില്‍ ലീനനായി നല്ലവണ്ണം ദൃശ്യാനുസന്ധാനഹീനയാകുന്ന സംവിത്തുചേര്ന്നുള്ള യോഗീന്ദ്രന്റെ തന്മയത്വാല് അനാദ്യന്തസ്വരൂപത്തില് ആനന്ദവും ലയിച്ചീടും. നിന്നീടിലും നടന്നീടിലും സ്പര്‍ശിച്ചാലും ഒന്നിലും ചേരാതിരിപ്പവന് ഓര്‍ത്താല്‍ അജഡന്, ആനന്ദമകന്നവന്, ത്യക്തസംവേദനന്, കൃത്യമായും സഖിയാകും. പാരം പണിപ്പെട്ടുകൊണ്ടീടിലും ഈ ദൃഷ്ടിയെ ദൃഢമായി പിടിച്ചു നീ ദുഃഖാര്ണവത്തിന്റെ അക്കരെ കടന്നിട്ടു പെട്ടെന്ന് അപാരഗുണാബ്ധിയായീടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: