തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ സിപിഎം നേതൃത്വത്തിലുള്ള സര്‍വ്വീസ് സഹകരണ സംഘത്തില്‍ വന്‍ അഴിമതി. ഇരുപത് കോടിയിലേറെ തുക ബാങ്കില്‍ കാണാനില്ലെന്ന് ആരോപണം. ഇതുസംബസിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താന്‍ സഹകരണ സംഘം ഭരണ നേതൃത്വം തയ്യാറാകുന്നില്ലെന്നും ആക്ഷേപം. അഴിമതി പുറത്തായത് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ കിഴക്കേക്കോട്ടയിലുള്ള 24 സെന്റ് ഭൂമി വില്ക്കാന് ഭരണനേതൃത്വം ശ്രമിച്ചതോടെ.
2014 മുതല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് സര്‍വ്വീസ് സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സിപിഎം പിടിയിലായി. ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധി യാണെന്ന് ചൂണ്ടിക്കാട്ടി രണ്ടുമുതല്‍ അഞ്ച് ലക്ഷം വരെയുള്ള ചിട്ടികളുടെതുക കൊടുക്കുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. മാത്രവുമല്ല സ്ഥിരം നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ പോയപ്പോഴും ബാങ്കില്‍ പണമില്ലായെന്ന മറുപടിയാണ് ലഭിച്ചത്. നീണ്ട കാലാവധി പറഞ്ഞാണ് സ്ഥിരം നിക്ഷേപകരെ മടക്കി അയച്ചത്.
24 സെന്റ് ഭൂമി വില്‍ക്കാനുള്ള നീക്കം അംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് കോടികളുടെ അഴിമതി പുറത്തായത്. ഒന്‍പത് വര്‍ഷം കൊണ്ട് കൃത്യമായി ഓഡിറ്റിംഗ് നടത്തിയിട്ടില്ല. സ്ഥിരം നിക്ഷേപകരുടേതുള്‍പ്പെടെ ഇരുപത് കോടിയിലേറെ രൂപ ബാങ്കില്‍ നിന്ന് അപ്രത്യക്ഷമായതായിട്ടാണ് പ്രാഥമിക വിവരം. വിശദ അന്വേഷണം നടത്തിയാല്‍ തുക അളവ് കൂടാനാണ് സാധ്യതയെന്ന് അംഗങ്ങള്‍ പറഞ്ഞു. സഹകരണ സംഘം ഭണ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഉന്നത സിപിഎം നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്.
മൂന്നു മാസം മുമ്പ് സഹകരണ സംഘത്തിന്റെ ജീവനക്കാരന് ആനയറ സ്വദേശി അരുണിനെ പണം തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സസ്പെന്റ് ചെയ്തിരുന്നു. ഇയ്യാള് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങും എത്തിയില്ല. മാത്രവുമല്ല സഹകരണ സംഘം അംഗങ്ങളല്ലാത്ത പുറത്തുള്ള ചിലര്‍ക്ക് ബിനാമി പേരില്‍ സംഘത്തില്‍ അക്കൗണ്ട് ഉള്ളതായും പറയുന്നു. നോട്ട് നിരോധിക്കല്സമയത്ത് കള്ളപ്പണം വെളുപ്പിക്കല്‍ വരെ ഇവിടെ നടന്നിട്ടുള്ളതായും ആരോപണം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: