തിരുവനന്തപുരം: സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാരെ പഞ്ചായത്തുകളിലേക്ക് പുനര്‍വിന്യസിക്കാന്‍ സര്‍ക്കാര്‍ നടപടി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാക്ഷരതാ മിഷന് കീഴില്‍ നിന്നും കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിലേക്കാണ് മാറ്റുക.
പ്രേരക്മാര്‍ക്ക് ഓണറേറിയം നല്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിഹിതവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.
ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശ്ശിക നിലവിലെ പോലെ സാക്ഷരതാ മിഷന് വിഹിതവും സര്‍ക്കാര്‍ വിഹിതവും എന്ന നിലയില്‍ കൊടുക്കുന്നതിന് അനുമതി നല്കി.
മിഷന്റെ തനതു ഫണ്ടുപയോഗിച്ച് സാക്ഷരതാ മിഷന് നടത്തുന്ന കോഴ്സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല നിലവിലുള്ളത് പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിലനിര്‍ത്തുമെന്നും തീരുമാനത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് 305 ദിവസമായി നടത്തി വന്ന സമരം പ്രേരക്മാര്‍ അവസാനിപ്പിക്കും.
ഹോണറേറിയം വര്‍ധിപ്പിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രേരക്മാര്‍ സമരം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച് 31ന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതിനാല്‍ ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതുമൂലം സംസ്ഥാനത്തെ 1,714 പ്രേരകുമാര്‍ പ്രതിസന്ധിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: