ന്യൂദല്‍ഹി: കോണ്‍ഗ്രസ് ബഹിരാകാശ വകുപ്പിനെ രഹസ്യമായി സൂക്ഷിച്ചു, അതിനെ അടിച്ചമര്‍ത്തി. അതുകൊണ്ടാണ് ബഹിരാകാശ മേഖലയില്‍ ഭാരതം വളരെകാലം പിന്നോട്ടായതെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ശാസ്ത്രം, ചന്ദ്രയാന്‍3 എന്നീ വിഷയങ്ങളെ കുറിച്ച് ഇന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ച സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ബഹിരാകാശ വകുപ്പിനെ വളരാന്‍ അനുവദിച്ചിട്ടില്ല. അതിനാലാണ് പുരോഗതി നിലച്ചത്. ഇന്നത്തെ നിലയിലെത്താന്‍ 75 വര്‍ഷമെടുത്തു. അത് വളരെ കുറഞ്ഞ വര്‍ഷം കൊണ്ട് നേടിയെടുത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായത്തിന്റെ ഇടപെടല്‍ സുഗമമാക്കുന്ന ‘ഇന്‍ സ്പേസ്’ എന്ന പുതിയ സജ്ജീകരണവും കേന്ദ്രമന്ത്രി പരാമര്‍ശിച്ചു.
1990കള്‍ മുതല്‍ 424 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്, 424ല്‍ 389 ഉപഗ്രഹങ്ങളും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെയാണ് വിക്ഷേപിച്ചത്. വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ 174 മില്യണ്‍ യുഎസ് ഡോളറാണ് ഇതുവരെ നാം നേടിയത്. ഇതില്‍ 157 മില്യണ്‍ ഡോളര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളിലാണ് സമ്പാദിച്ചത്. ഏത് സര്‍ക്കാര്‍ ആയിരുന്നു ഭരിച്ചതെന്നും ആരായിരുന്നു പ്രധാനമന്ത്രിയെന്നും പറയേണ്ടതില്ലല്ലോ എന്നും ജിതേന്ദ്ര സിംഗ് ചോദിച്ചു.
60കളുടെ മധ്യത്തില്‍ ഭാരതം ബഹിരാകാശ പദ്ധതി ആരംഭിച്ചപ്പോള്‍ വിഎസ്എസ്സിക്ക് ഗതാഗത സംവിധാനമില്ലായിരുന്നു. മറുവശത്ത്, സോവിയറ്റ് യൂണിയനും യുഎസ്എയും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അത്രയും അകലെയായിരുന്നു നമ്മുടെ രാജ്യം. അന്നല്ല ഇന്നാണ് വിജയം കാണാന്‍ സാധിക്കുന്നത്. അത് വെറുതെയല്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
2014ന് മുമ്പ് നാല് ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 150 ആയി. ഒരു പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതിനാലാണ് ഇത് സാധ്യമായത്. സഹകരണത്തില്‍ ഏര്‍പ്പെടുന്നതിനായി എന്‍എസ്ഐഎല്‍ (ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്) എന്ന പേരില്‍ ഒരു പുതിയ പൊതുമേഖലാ സ്ഥാപനവും സ്ഥാപിച്ചു. ഇതാണ് ഫലം നല്‍കിയതെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: