ന്യൂദല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തലത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാനഡയിലുള്ള ഇന്ത്യക്കാരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും .ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം താക്കീത് നല്കി.
“കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷകുറ്റകൃത്യങ്ങളും ക്രിമിനല്‍ അക്രമങ്ങളും കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യക്കാരും അവിടേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യക്കാരും അങ്ങേയറ്റം ജാഗ്രതയോടെ നീങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”-ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. “ഈയിടെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്കും ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളെ എതിര്‍ക്കുന്ന ഇന്ത്യന്‍ സമുദായത്തിലെ ഒരു വിഭാഗത്തിനും എതിരെ ഭീഷണികള്‍ ഉയരുന്നുണ്ട്. ഇത്തരം പ്രവണതകള്‍ നിലനില്‍ക്കുന്ന കാനഡയിലെ വേദികളിലേക്കോ പ്രദേശങ്ങളിലേക്കോ ഉള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.” – വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
കാനഡയിലെ ഖലിസ്ഥാന്‍ തീവ്രവാദിയെ വധിച്ച സംഭവത്തില്‍ ഇന്ത്യ സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച് ഒരു ഉയര്‍ന്ന ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് പകരമായി ദല്‍ഹിയില്‍ നിന്നും കാനഡയിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കിയിരുന്നു.
കാനഡയിലെ പൗരന്മാര് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് കാനഡ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം കാനഡയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: