ന്യൂദല്‍ഹി: വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കാന്‍ എഴുന്നേറ്റ ബിജെപി എംപി നിഷികാന്ത് ദുബെയെ തടസ്സപ്പെടുത്തിയതിന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ പരിഹസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭയില്‍ നാരി ശക്തി വന്ദന്‍ ബില്ലിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ സംസാരിക്കാന്‍ എഴുന്നേറ്റതായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ.
ഒരു വനിതാ എംപിയെ സംസാരിക്കാന്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും പ്രതിപക്ഷത്തെ മറ്റ് എംപിമാരും ശഠിച്ചതോടെ സഭയില്‍ ചെറിയ ബഹളമുണ്ടായി. അമിത് ഷാ ഇടപെട്ട് ദുബെയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പ്രതികരിച്ചുകൊണ്ട് ആദ്യം സംസാരിക്കാന്‍ കിട്ടാത്തതിനാല്‍ തനിക്ക് അസൂയയാണെന്ന് പറഞ്ഞു.
സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ക്ക് മാത്രമെ പ്രവര്ത്തിക്കാനാകുവെന്നുണ്ടോ. പുരുഷന്മാര്ക്ക് അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ സാധിക്കില്ലേ. ഏതുതരം സമൂഹം കെട്ടിപ്പടുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ ക്ഷേമവും ആശങ്കകളും പരിഹരിക്കാനാണെങ്ങില് അതിന് സഹോദരന്മാര് ഒരു പടി മുന്നിലായിരിക്കണം. അതാണ് ഈ നാടിന്റെ പാരമ്പര്യം. സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. നിഷികാന്ത് ഞങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അധീര്‍ രഞ്ജന്‍ ചൗധരി എതിര്‍ക്കാന്‍ കാരണം എന്തായിരുന്നു. ആദ്യം സംസാരിക്കാന്‍ അവസരം കിട്ടാത്തത് കൊണ്ടുള്ള അസൂയ കൊണ്ടാകാമെന്ന് അമിത് ഷാ പ്രതികരിച്ചു.
കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാളാണ് ബില്‍ നേരത്തെ സഭയില്‍ ചര്‍ച്ച കൊണ്ടുവന്നിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സഭയുടെ ആദ്യ സമ്മേളനമായ ചൊവ്വാഴ്ചയാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട സോണിയാ ഗാന്ധി, പാര്‍ട്ടി പിന്തുണ നല്‍കുകയും ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്‍ നടപ്പാക്കാന്‍ വൈകുന്നത് രാജ്യത്തെ സ്ത്രീകളോട് ചെയ്യുന്ന അനീതിയാണെന്ന് അവര്‍ പറഞ്ഞു. ബില്‍ സെപ്റ്റംബര്‍ 21ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: