ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരോത്സവം 2023 ഒക്ടോബർ 20 മുതൽ 30 വരെ നഗരസഭാ സ്റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം വൈസ് ചെയർമാൻ മനീഷ് കീഴാമoത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരോത്സവത്തോടനുബന്ധിച്ച് സ്റ്റേഡിയത്തിൽ പുഷ്പമേള, എക്സിബിഷൻ, വ്യാപാരമേള, അമ്യൂസ്മെൻറ് പാർക്ക്, കാർഷികമേള, സെമിനാറുകൾ, വിവിധ കലാപരിപാടികൾ, കലാ-കായിക മത്സരങ്ങൾ , സാംസ്കാരിക സമ്മേളനങ്ങൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും.
സ്റ്റേഡിയത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രവേശനം പാസ്സ് മുഖേന നിയന്ത്രിക്കും. നഗരസഭ ചെയർപേഴ്സൺന്റെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാർത്ഥമാണ് നഗരോത്സവം സംഘടിപ്പിക്കുന്നത്. പ്രത്യേകമായി 10000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലുള്ള ഊട്ടി മാതൃകയിലുള്ള പുഷ്പമേളയാണ് ഏറ്റവും വലിയ ആകർഷണം. സർക്കാർ – കേന്ദ്രസർക്കാർ അധീനതയിലുള്ള വിവിധ സ്ഥാപനങ്ങളുടെയും മെഡിക്കൽ കോളേജ് അടക്കമുളളവയുടേയും വിപുലമായ പ്രദർശന സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായുണ്ടാകും.
എല്ലാവിധ ഭക്ഷണങ്ങളും ലഭിക്കുന്ന കുടുംബശ്രീയുടെ വിശാലമായ ഫുഡ് കോർട്ട്, കുട്ടികൾക്കായുള്ള അമ്യൂസ്മെൻറ് പാർക്ക്, പ്രശസ്ത സിനിമാതാരങ്ങളും കലാകാരന്മാരും പങ്കെടുക്കുന്ന കലാസന്ധ്യകൾ എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. വിവിധ ദിവസങ്ങളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനങ്ങളിലും സെമിനാറുകളിലും കേന്ദ്ര- സംസ്ഥാന മന്ത്രിമാർ , എം.പിമാർ എം.എൽ.എമാർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഒക്ടോബർ 20 ന് വർണശബളമായ സാംസ്കാരിക ഘോഷയാത്രയും പ്രചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മിനി സജൻ, റിജോ ജോൺ ജോർജ്, റ്റി. കുമാരി, അശോക് പഠിപ്പുരയ്‌ക്കൽ, ശ്രീദേവി ബാലകൃഷ്ണൻ നഗരസഭാ സെക്രട്ടറി എം. സുഗധകുമാർ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: