ഒട്ടും പ്രതീക്ഷിക്കാത്ത മേഖലയില്‍ നിന്നുപോലും അനുമോദന പ്രവാഹം. രാഷ്‌ട്രീയകാര്യങ്ങളില്‍ ഒട്ടും താല്പര്യം കാണിക്കാത്ത ബോളിവുഡിലെ വനിതാ താരങ്ങളുടേതാണത്. കങ്കണ രണൗട്ടും ഇഷ ഗുപ്തയും തുറന്നടിച്ചു. അതിപ്രാകരമാണ്. ”ഇത് അത്ഭുതകരമായ ആശയമാണ്. ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള മോദി ചിന്തകള്‍ തുടങ്ങിയവയാണ് ഇതിനെല്ലാം കാരണം.” വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ഇരുവരും ഇങ്ങിനെ പറഞ്ഞത്. എന്തിനാണ് പ്രേരണ എന്നല്ലെ. വനിതാ ബില്‍.
”മോദി ചെയ്തത് നല്ല കാര്യമാണ്. പുരോഗമനപരമായ ചിന്തയാണ്. ഈ ബില്‍ സ്ത്രീകള്‍ക്ക് ഭേദപ്പെട്ട ശക്തി നല്‍കുന്നു. രാജ്യത്തിനായുള്ള വലിയ കാല്‍വയ്പാണിത്. അതാണ് മോദി വാഗ്ദാനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത്. ഇരുവരും പറഞ്ഞത് അവരുടെ മാത്രം അഭിപ്രായമല്ല. സാധാരണ ജനങ്ങളുടെയും ഉന്നതശ്രേണിയിലുള്ള കോടാനുകോടി വനിതകളുടെയും നാഡിമിടിപ്പാണ് ഇവരിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതുതന്നെയാണ് രാഷ്‌ട്രീയ ഭിക്ഷാംദേഹികളെ അമ്പരപ്പിലാക്കുന്നത്.
വനിതാബില്‍ അതില്‍ കൈരളിക്കെന്തുകാര്യം എന്ന് ചിന്തിച്ചു അല്ലെ. കൈരളി ചിന്തിക്കാന്‍ കാര്യമുണ്ട്. കേരളത്തിലെ ചാനലുകള്‍ ബില്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ തന്നെ ചര്‍ച്ച നടത്തി. കേരളത്തിലെ മഹിളാരത്‌നങ്ങള്‍ വലിയവായയില്‍ വിളിച്ചുകൂവി. ഒന്‍പത് വര്‍ഷമെടുത്തു നരേന്ദ്രമോദിക്ക് വനിതാബില്‍ അവതരിപ്പിക്കാന്‍ എന്നാണ് കോണ്‍ഗ്രസ് എം.പി. ജെബി മേത്തര്‍ ചോദിച്ചത്. 60 വര്‍ഷത്തോളം രാജ്യം ഭരിച്ച കക്ഷിയുടെ മഹിളാ നേതാവാണവര്‍. രാജ്യസഭയില്‍ യുപിഎ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചു എന്നത് നേര്. പക്ഷേ അതുകൊണ്ട് എന്തുകാര്യം. അതിനുശേഷം മിണ്ടാന്‍ കഴിഞ്ഞോ? ഇപ്പോള്‍ ‘ഇന്ത്യാ’ മുന്നണിയിലെ കക്ഷികളാണ് പാര്‍ലമെന്റില്‍ തല്ലിന്റെ സാഹചര്യമുണ്ടാക്കിയത്. അതവിടെ നില്‍ക്കട്ടെ. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയയുടെ അവകാശവാദമാണ് വിചിത്രം. രാജീവിന്റെ സ്വപ്‌നമായിരുന്നു അതെന്നാണവര്‍ പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാലും അതേറ്റുപറഞ്ഞു. എന്താണ് സത്യം.
വനിതാബില്‍ ആദ്യമായി സഭയിലെത്തുന്നത് 1996 ലാണ്. അന്നെവിടെ രാജീവ്. 1991 ല്‍ തന്നെ രാജീവ് ഇല്ലാതായില്ലെ? എന്നിട്ടും രാജീവാണതിന് പിന്നിലെന്ന് പറയാന്‍ വല്ലാത്ത തൊലിക്കട്ടി തന്നെ വേണ്ടെ? അതിനേക്കാള്‍ അത്ഭുതമാണ് കമ്യൂണിസ്റ്റ് വനിതാ നേതാക്കളുടെ അവകാശവാദം. അത് തങ്ങളുടെ ആശയമെന്നാണ് പി.കെ.ശ്രീമതിയും ആനി രാജവും വച്ചുകാച്ചിയത്. അതുകേള്‍ക്കുമ്പോള്‍ ഓര്‍ത്തുപോയി ‘എട്ടുകാലി മമ്മൂഞ്ഞി’നെ. എല്ലാറ്റിന്റെയും അവകാശികളാകാനുള്ള മത്സരം. ഗൗരിക്കുട്ടി ഗര്‍ഭിണിയായെന്ന് കേട്ടപ്പോള്‍ അയിന്റെ ആള്‍ ഞമ്മളാണെന്ന് പറഞ്ഞില്ലെ മമ്മൂഞ്ഞ്. ഗൗരിക്കുട്ടി ആനയാണെന്നറിയാതെയാണല്ലോ അമ്മാതിരി അവകാശവാദം.
കെ.ആര്‍.ഗൗരിയമ്മ കേരളം ഭരിക്കുമെന്നാദ്യം കേട്ടു. അവരെ മുഖമന്ത്രിയാക്കിയില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തുകളഞ്ഞു. അതുകഴിഞ്ഞ് സുശീലാ ഗോപാലന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉയര്‍ത്തിക്കാട്ടി. ഒടുവിലെന്തായി മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ വോട്ടെടുപ്പുണ്ടാക്കി. ഇ.കെ.നായനാര്‍ക്കനുകൂലമായി വോട്ടുചെയ്യിച്ച പാര്‍ട്ടിയല്ലെ സിപിഎം. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പരമോന്നത വേദിയില്‍ ഒരു മഹിളയുടെ ശബ്ദം കേള്‍ക്കാന്‍ ആരൊക്കെ ശബ്ദമുയര്‍ത്തേണ്ടിവന്നു. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ പി.ബി. മെമ്പറാക്കി ആശ്വസിക്കേണ്ടിവന്നില്ലേ. തവിട് തിന്നാലും തകൃതി വിടില്ല എന്ന സ്വഭാവം പോലെ.
വനിതാ ബില്‍ ലോക്‌സഭയിലെത്താന്‍ കാല്‍നൂറ്റാണ്ട് പിന്നിടേണ്ടിവന്നു. 1996 സപ്തംബര്‍ 12ന് ദേവഗൗഡയുടെ കാലത്താണ് വനിതാബില്‍ സഭയിലെത്തിയത്. 81-ാമത് ഭരണഘടനാ ഭേദഗതിയായിട്ടായിരുന്നു ഇത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്താനായിരുന്നു ഇത്. ബില്‍ അവതരിപ്പിച്ച് കൂടുതല്‍ ചര്‍ച്ചക്കായി സഭാസമിതിക്ക് വിട്ടു. ഡിസംബറില്‍ കമ്മിറ്റി പാര്‍ലമെന്റിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പതിനൊന്നാം സഭ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് വാജ്‌പേയി സര്‍ക്കാര്‍ 1998 ഡിസംബര്‍ 23ന് പാര്‍ലമെന്റില്‍ ബില്‍ എത്തിക്കാന്‍ കഠിന പരിശ്രമം നടത്തി. എന്നാല്‍ രാഷ്‌ട്രീയകക്ഷികളുടെ അഭിപ്രായങ്ങള്‍ എതിര്‍പ്പായിരുന്നു. തുടര്‍ന്നാണ് ആ പരിശ്രമം പരാജയപ്പെട്ടത്. വേണമെങ്കില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അവകാശപ്പെടാമായിരുന്നു ഈ ബില്‍ വാജ്‌പേയി സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന്.
ഏതായാലും വനിതാബില്‍ യാഥാര്‍ത്ഥ്യമായി. അതോടെ പാര്‍ലമെന്റില്‍ വനിതാ അംഗങ്ങളുടെ എണ്ണം കുത്തനെ ഉയരാന്‍ പോവുകയാണ്. 179 വനിതാ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടാകും. നിലവില്‍ 78 അംഗങ്ങളാണ് സഭയിലുള്ളത്. പക്ഷേ ഇത് സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ അനുഭവമാണ്. 14 ശതമാനമാണിപ്പോഴത്തേത്. ഉടനെ തന്നെ മണ്ഡലങ്ങളുടെ പുനഃരേകീകരണം നടപ്പാകും. നിലവില്‍ ലോക്‌സഭയില്‍ അംഗങ്ങളുടെ ഇരിപ്പിടശേഷി 888 ആണ്. ഇപ്പോഴുള്ള അംഗങ്ങള്‍ 543 ആണ്. രാജ്യസഭയില്‍ 384 ഇരിപ്പിടങ്ങളുണ്ട്. കേരളത്തില്‍ നിന്ന് വനിതാ ലോക്‌സഭാംഗം ഒന്നുമാത്രം. രമ്യഹരിദാസാണത്. അത് മാറി കേരളത്തില്‍ നിന്നും ആറുപേരെ ജയിപ്പിക്കാനാകും. കേരള നിയമസഭയില്‍ 46 പേരുണ്ടാകും. ഇപ്പോഴുള്ളത് പതിനൊന്നുപേര്‍മാത്രം.
ബിജെപി 2014 ലും 2019 ലും പ്രകടനപത്രികയില്‍ വനിതാസംവരണം പ്രഖ്യാപിച്ചിരുന്നു. അതാണിപ്പോള്‍ നടപ്പിലാക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുമെന്ന് ബിജെപി പറഞ്ഞതാണ്. 370-ാം വകുപ്പ് റദ്ദാക്കിയാല്‍ നാടാകെ കലാപം നടക്കുമെന്ന് സ്വപ്‌നം കണ്ടവരുണ്ട്. അത് പരസ്യമായി പറയുകയും ചെയ്തു. അതുപോലെ തന്നെ വിവാദമുണ്ടായതാണ് മുത്തലാഖ് നിരോധനവും. ജമ്മുകശ്മീരില്‍ സൈന്യത്തിനെതിരെ കല്ലേറ് നിരന്തരസംഭവമായിരുന്നു. ഇന്നിപ്പോള്‍ ജമ്മുകശ്മീരില്‍ കല്ലേറുണ്ടോ? ഇല്ലേ ഇല്ല. രാഹുലും പെങ്ങള്‍ പ്രിയങ്കയും കശ്മീരിലെത്തിയപ്പോള്‍ എന്തൊരു സന്തോഷത്തിലായിരുന്നു. മഞ്ഞുകട്ടിവാരി പരസ്പരം എറിഞ്ഞുകളിക്കുന്ന ചിത്രസഹിതം ആഘോഷമാക്കിയതല്ലെ. അവിടത്തെ കല്ലേറ് നീങ്ങി. കല്ലേറ് ഇപ്പോള്‍ കേരളത്തിലാണ്. കേരളത്തിലെ തീവണ്ടികള്‍ക്ക് കല്ലേറ് നടത്തി കളിക്കുന്ന സംഭവങ്ങളല്ലെ നിരന്തരം കാണുന്നത്.
സ്ത്രീശാക്തീകരണത്തിനാണ് വനിതാ ബില്‍. കഴിവ് പ്രകടിപ്പിക്കാനുള്ള സ്ത്രീകളുടെ കഴിവുകളേറും. സ്ത്രീപുരുഷ തുല്യത കൂടും. തീരുമാനമെടുക്കാനുള്ളശേഷിയും വര്‍ധിക്കും. രാജ്യത്തിന്റെയും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ സ്ത്രീകള്‍കള്‍ക്ക് കഴിയും. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പരാധീനതയും പുരുഷാധിപത്യമെന്ന ആവലാതിയും അവസാനിക്കും. അര്‍ധനാരീശ്വരന്‍ എന്നാണല്ലോ സങ്കല്പം. അത് യാഥാര്‍ത്ഥ്യമാകും. അതല്ലാതെ മഞ്ഞുകട്ട എറിഞ്ഞു കളിക്കലല്ല സ്ത്രീശാക്തീകരണം കൊണ്ട് ലക്ഷ്യമിട്ടതെന്ന് ബോധ്യമാവുകയും ചെയ്യും. പുതിയ പാര്‍ലമെന്റ് മണ്ഡലത്തിലെ ആദ്യസമ്മേളനത്തില്‍ തന്നെ വനിതാ ബില്‍. ആദ്യസമ്മേളനത്തില്‍ ആദ്യം സംസാരിച്ചതും ഒരു വനിതാ അംഗമായ മേനക. നല്ല തുടക്കം. വിനായക ചതുര്‍ത്ഥിയിലെ ശുഭകാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: